ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരം: മന്ത്രി ആർ.ബിന്ദു

ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു പറഞ്ഞു. കാലാനുസൃതമായ വികസനം മഹാരാജാസിൽ നടപ്പിലാക്കുമെന്നും ഭൗതിക വികസനത്തിനൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിലെ പുതിയ വനിത ഹോസ്റ്റൽ മന്ദിരത്തിന്റെയും കെമിസ്ട്രി സെമിനാർ ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മഹാരാജാസ് നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണ്. ഒന്നര നൂറ്റാണ്ടു കാലത്തെ മഹത്തായ പാരമ്പര്യമുള്ള മഹാരാജാസ് എക്കാലവും ധൈഷണികതയുടെ ഉറവിടമാണ്.
എൻഐആർഎഫ് റാങ്കിങ്ങിൽ 46-ാം സ്ഥാനവും നാക് അക്രഡിറ്റേഷനിൽ എ യും ലഭിച്ച ഈ കലാലയം ജീവിതത്തിലെ സമസ്ത മേഖലകളിലും ഒട്ടേറ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. ആ പാരമ്പര്യത്തെ പുതിയ കാലത്തും നാം ഉയർത്തിപ്പിടിക്കണം. കാലാനുസൃതമായ വികസനം മഹാരാജാസിൽ സർക്കാർ നടപ്പിലാക്കും.
മികച്ച പൂർവ വിദ്യാർത്ഥി സമ്പത്താണ് മഹാരാജാസിനുള്ളത്. ആ സമ്പത്തിനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണം. പൂർവ വിദ്യാർത്ഥികളുമായി സംവദിക്കാൻ പുതിയ കുട്ടികൾക്ക് അവസരമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. മഹാരാജാസിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ചു നിൽക്കണം. ദീർഘ വിക്ഷണത്തോടെയുള്ള പദ്ധതികളാകണം കോളജിൽ ഉണ്ടാകേണ്ടത്. അതിനായി സർക്കാർ ഒപ്പം ഉണ്ടാകും.
ഇവിടത്തെ അക്കാദമിക് സമൂഹം ആത്മാർഥമായ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപ ചെലവിൽ ഹോസ്റ്റൽ, കെമിസ്ട്രി സെമിനാർ ഹാൾ, കിഫ്ബിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ഓഡിറ്റോറിയം എന്നിവ മഹാരാജാസിനോടും ഉന്നത വിദ്യാഭ്യാസമേഖലയോടും സർക്കാരിന്റെ പരിഗണനയുടെ ഉദാഹരണമാണ്.
മഹാരാജാസിനെ കരിതേച്ചു കാണിക്കാനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കാൻ അക്കാദമിക് സമൂഹത്തിന് കഴിയണം. മഹാരാജാസിന്റെ പൂർവികർ വിതച്ചുപോയ വിത്തുകൾ നൂറു മേനിയോടെ കൊയ്‌തെടുക്കുവാൻ നമ്മുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്.
ദേശീയ അന്തർദേശീയ മാനകങ്ങളുടെ അടിസ്ഥാനത്തിൽ കേരളം മൂന്നാമതാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിലാണെന്ന പ്രചാരണത്തെ നാം പ്രതിരോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള വികസനത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ടുകൊണ്ടുപോകുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ചരിത്രത്തിലാദ്യമായി കരിക്കുലം ഫ്രെയിം വർക്ക് രൂപപ്പെടുത്തി. അതിൽ അതത് സർവകലാശാലകൾക്ക് ജൈവപ്രകൃതിയനുസരിച്ച് മാറ്റങ്ങൾ വരുത്താം. പുതിയ കാലത്തിനും സമൂഹത്തിനുമനുസരിച്ച് പുതിയ കോഴ്‌സുകളെ രൂപപ്പെടുത്തുന്നതിൽ അക്കാദമിക് സമൂഹത്തിന് നിർണ്ണായക പങ്കുണ്ട്. വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ഒരു അധ്യയനരീതിക്ക് അധ്യാപകർ ഉൾപ്പെടുന്ന സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
പ്ലാൻ ഫണ്ട് ഉപയോഗിച്ച് 9 കോടി രൂപയോളം ചെലവഴിച്ച് മൂന്നു നിലകളിലായി 46 മുറികൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലാണ് ഉദ്ഘാടനം ചെയ്തത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിനോട് ചേർന്ന് പി.ടി ഉഷ റോഡിലാണ് പുതിയ ഹോസ്റ്റൽ. കൂടാതെ കെമിസ്ട്രി സെമിനാർ ഹാളും ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. നിലവിലെ വികസനത്തിനൊപ്പം ഭൗതീക സാഹചര്യങ്ങൾ ഇനിയും ഉയർത്തണമെന്ന് എംഎൽഎ പറഞ്ഞു. കൗൺസിലർ പത്മജ എസ് മേനോൻ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ് ജോയ്, ഗവേണിംഗ് ബോഡി ചെയർമാൻ ഡോ.എൻ.രമാകാന്തൻ, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.എസ്.ഷജിലബീവി, വൈസ് പ്രിൻസിപ്പൽ ഡോ.ടി.കെ ബിന്ദു ശർമ്മിള, പി.ടി.എ വൈസ് പ്രസിഡന്റ് സിജി ബാബു, സെക്രട്ടറി ഡോ.എം.എസ് മുരളി തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനിയർ ജെസി മോൾ ജോഷ്വാ റിപ്പോർട്ട് അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha


























