ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ്... വിദ്യാര്‍ത്ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയരംഗത്തുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. യുഡിഎഫ് മുന്നണിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു.
രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നില്‍ തളര്‍ന്നില്ല. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നുവെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും യു.ഡി.എഫിനും ഉമ്മന്‍ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അത് എളുപ്പത്തില്‍ നികത്താനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ.പി.സി,സി സംഘടിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
വിദ്യാര്‍ത്ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയരംഗത്തുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 70ലാണ് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് തൊട്ട് ഇന്ന് വരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റി. ഇതിന്റെ ഭാഗമായി ഒട്ടേറെ വകുപ്പുകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. വിപുലമായ അനുഭവ പരിജ്ഞാനം രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് ശക്തി പകര്‍ന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. ഒടുവില്‍ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ആ രോഗത്തിന് മുന്നില്‍ ഒരു ഘട്ടത്തിലും ഉമ്മന്‍ചാണ്ടി പതറിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്നൊരു പദമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്കുള്ള സിന്ദാബാദ് വിളികളും സദസ്സില്‍ നിന്നും ഉയര്‍ന്നു. സിന്ദാബാദ് വിളി ഉച്ചത്തിലായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ നിന്ന് പ്രവര്‍ത്തകരോട് നിശബ്ദരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുദ്രാവാക്യം വിളി നിര്‍ത്തിയതോടയാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്.
https://www.facebook.com/Malayalivartha


























