അമിത വില ഈടാക്കൽ; വ്യാപാരസ്ഥാപനങ്ങളിൽ ജില്ലാ കളക്ടർ പരിശോധന നടത്തി

നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിൽ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. പൊതുവിപണിയിൽ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കട്ടപ്പന ടൗണിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.
വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും, വ്യാപാരം ചെയ്യുന്നതിന് ആവശ്യമായ ലൈസൻസുകൾ സൂക്ഷിക്കാതിരിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ വ്യാപാരം നടത്തുകയും, പർച്ചേസ് ബില്ലുകൾ നൽകാതിരിക്കുകയും, അളവ് തൂക്ക നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ 13 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഓഗസ്റ്റ് മാസത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ സ്‌ക്വാഡും വിവിധ താലൂക്ക് തല സ്‌ക്വാഡുകൾ എന്നിവയുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പരിശോധനയിൽ ജില്ലാ സപ്ലൈ ആഫീസർ ലീലാകൃഷ്ണൻ വി.പി, താലൂക്ക് സപ്ലൈ ആഫീസർമാരായ ബൈജു. കെ. ബാലൻ, റിച്ചാർഡ് ജോസഫ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പൗർണ്ണമി പ്രഭാകരൻ, ദീപ തോമസ് , അജീഷ് പി.ആർ, അമ്പിളി ജി ശുഭ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ വിപിൻ യു.വി. ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് സനിൽ കുമാർ സി.എസ്. സീനിയർ പോലീസ് ഓഫീസർ അനീഷ് കെ.ആർ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























