ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും: മന്ത്രി വീണാ ജോർജ്

ആരോഗ്യ പ്രവർത്തകർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ വിക്ടോറിയ ആശുപത്രിയിൽ കുട്ടികളുടെ എച്ച് ഡി യു (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്) ഓക്‌സിജൻ വാർഡ്, ജില്ലാ ആശുപത്രിയിൽ ഹബ് ആൻഡ് സ്‌പോക്ക്, ജില്ലാതല മൈക്രോബയോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമങ്ങൾ അനുവദിക്കില്ല. പരമാവധി പിഴ, തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമപരിരക്ഷ ഉറപ്പാക്കും. അക്രമം ഉണ്ടാകാതിരിക്കാനും അഥവാ ഉണ്ടായാൽ പാലിക്കപ്പെടേണ്ട വിപുലമായ നടപടിക്രമങ്ങളാണ് പ്രോട്ടോകോളിൽ ഉള്ളത്. അടിയന്തര ഘട്ടങ്ങളിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഉൾപ്പെടെ സജ്ജമാക്കും.
ഇതിന്റെ ഭാഗമായുള്ള സേഫ്റ്റി ഓഡിറ്റുകൾ ആശുപത്രികളിൽ നടക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിൽ നിലവിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 11 ജില്ലകളിലെ ആശുപത്രികളിലും കാത്ത്ലാബ് സജ്ജമാക്കി. ഹൃദ്യം പദ്ധതി മുഖേന കൂടുതൽ ഹൃദയ ശസ്ത്രക്രിയകൾ നടത്തിവരുന്നു.
ഇത്തരത്തിൽ വികേന്ദ്രീകരിക്കപ്പെട്ട ചികിത്സാ സംവിധാനം സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. 70 ശതമാനം പേരും സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണനയും മികച്ച ചികിത്സയും നൽകുകയാണ് ലക്ഷ്യം. വന്ധ്യതാ പ്രശ്നപരിഹാരത്തിന് കൊല്ലം വിക്ടോറിയ ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഐവിഎഫ് ലാബ് ആരംഭിക്കാനുള്ള ആലോചന നടക്കുന്നതായും മന്ത്രി അറിയിച്ചു.
35.23 ലക്ഷം രൂപ ചെലവിലാണ് കുട്ടികളുടെ എച്ച് ഡി യു ഓക്‌സിജൻ വാർഡ് സജ്ജമാക്കിയത്. ജില്ലാ ആശുപത്രിയിൽ 16.7 ലക്ഷം രൂപ ചെലവിലാണ് ഹബ് ആൻഡ് സ്‌പോക്ക് മോഡൽ മൈക്രോബയോളജി ലാബ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മറ്റ് ആശുപത്രികളിൽ ശേഖരിക്കുന്ന സാമ്പിളുകൾ സർക്കാർ ചെലവിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കാനാകും.
എം മുകേഷ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ ഷാജി, അനിൽ എസ് കല്ലേലിഭാഗം, വസന്ത രമേശ്, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി വസന്തദാസ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് വി കൃഷ്ണവേണി, ഡി പി എം ദേവ് കിരൺ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























