ഉമ്മയുടെ രണ്ടാം വിവാഹ ശേഷം അനാഥത്വം അറിയിക്കാതെ ചെറുമകനെ വളർത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുത്തു: ബിബിഎയ്ക്ക് ഇഷ്ടമുള്ള കോളേജിൽ ചേർന്നതോടെ ലഹരിക്ക് അടിമ: ഒന്നര വർഷത്തോളം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ:- ലഹരി വസ്തുക്കൾ വാങ്ങാൻ പണം കിട്ടാതായതോടെ കടുത്ത പക: ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ചു: ആ കാഴ്ച കണ്ട് നിലവിളിച്ചോടിയ മകൻ ബോധരഹിതനായി വീണു...

തൃശൂരിൽ വയോധിക ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പനങ്ങാവിൽ അബ്ദുല്ല (65), ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ അക്മനെ (27) പൊലീസ് പിടികൂടിയിരുന്നു. . ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ അക്മലിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ പുലർച്ചെയാണു സംഭവം. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കൾക്കു ഭക്ഷണവുമായെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
വാതിലിനോടു ചേർന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളിൽ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്. നിലവിളിച്ചു കൊണ്ടു പുറത്തേക്കോടിയ നൗഷാദ് വീടിന്റെ ഗേറ്റിൽ കുഴഞ്ഞുവീണു. പിന്നീട് ഫോണിൽ സുഹൃത്തിനെ വിളിച്ചുവരുത്തിയതോടെയാണു ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങൾ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയാണു കൊലപാതകം നടത്താൻ ഉപയോഗിച്ചത്. മൃതദേഹത്തിനരികിൽ നിന്നു കത്തി കണ്ടെടുത്തു. ബലപ്രയോഗം നടന്ന ലക്ഷണമില്ലാത്തതിനാൽ ദമ്പതികൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
ദമ്പതികളുടെ മൂത്തമകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മൽ. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വർഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വർഷത്തോളം അക്മൽ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചത്. അവനെ വളർത്തി വലുതാക്കിയതും ഇവർ തന്നെ. എന്നിട്ടും ഇരുവരുടെയും ജീവിതത്തിന്റെ അന്ത്യം അക്മലിന്റെ കൈ കൊണ്ടു തന്നെയായതു ഒരു നാടിനാകെ ഞെട്ടലായി.
ചെറുപ്രായത്തിൽ തന്നെ അക്മലിന്റെ ഉമ്മയും ഉപ്പയും വേർപിരിഞ്ഞിരുന്നു. അനാഥത്വം അറിയിക്കാതെ ചെറുമകനെ വളർത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുത്തു. ബിബിഎയ്ക്കു പഠിക്കണമെന്നു പറഞ്ഞപ്പോൾ ചെറുമകന്റെ ഇഷ്ടാനുസരണം ഉപരിപഠനത്തിന് അനുവദിച്ചു. ഇഷ്ടമുള്ള കോളജിൽ ചേർത്തു. പക്ഷേ, ലഹരിക്ക് അടിമയായ ശേഷം അക്മലിന്റെ രീതികളാകെ മാറി.
അക്മൽ അക്രമകാരിയായി മാറാൻ തുടങ്ങിയപ്പോൾ അബ്ദുല്ലയോടും ജമീലയോടും വീടു മാറിത്താമസിക്കാൻ ബന്ധുക്കൾ പലവട്ടം പറഞ്ഞിരുന്നു. എന്നാൽ, ‘അവൻ ഞങ്ങളെ ഒന്നും ചെയ്യില്ല’ എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വലിയ തുക ചെലവഴിച്ചാണു 2 തവണ അക്മലിന്റെ ചികിത്സ ഇവർ നടത്തിയത്.
കൊല്ലത്താണു താമസമെങ്കിലും അക്മലിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഉമ്മ നിമിതയും സഹായിച്ചിരുന്നു. ഇടയ്ക്കിടെ കൊല്ലത്തെ നിമിതയുടെ വീട്ടിലേക്ക് അക്മൽ പോവുകയും ചെയ്തിരുന്നു. വിവാഹ മോചിതനെങ്കിലും അക്മലിന്റെ പിതാവും സ്നേഹാന്വേഷണം മുടക്കിയിരുന്നില്ല. നിമിതയുടെ സഹോദരൻ നൗഷാദ് 3 വട്ടം അക്മലിനെ സന്ദർശക വീസയിൽ ഗൾഫിലേക്കു കൊണ്ടുപോയെങ്കിലും അക്മൽ ജോലിക്കു ശ്രമിക്കാതെ ഓരോവട്ടവും മടങ്ങി.
കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾക്ക് അടിമയായതോടെയാണ് അക്മലിന്റെ സമനില തെറ്റിയതെന്നു നാട്ടുകാരും അയൽവാസികളും പൊലീസിനെ അറിയിച്ചു. ലഹരി ഉപയോഗിക്കാനുള്ള പണം ആവശ്യപ്പെട്ട് ഇയാൾ അബ്ദുല്ലയെയും ജമീലയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. മംഗലാപുരത്തു ബിബിഎയ്ക്കു പഠിക്കാൻ പോയ സമയത്താണ് അക്മൽ ലഹരിക്ക് അടിമയായതെന്നു പൊലീസിനു വിവരം ലഭിച്ചു.
‘ഉമ്മയും ബാപ്പയും എന്റെ പുതിയ വീട്ടിലേക്കു താമസം മാറിയിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കുമായിരുന്നില്ലെന്ന് മകൻ നൗഷാദ് വേദനയോടെ പറയുന്നു. കൊലപാതകം നടക്കുന്നതിന്റെ 2 ദിവസം മുൻപും നൗഷാദ് ഇവരെ സ്വന്തം വീട്ടിലേക്കു മാറിത്താമസിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ, ഇവർ ക്ഷണം നിരസിച്ചു. ശനിയാഴ്ചയാണു നൗഷാദ് ഗൾഫിൽ നിന്നു നാട്ടിലെത്തിയത്.
2 വർഷം മുൻപു വാങ്ങിയ വീട്ടിലേക്കു നൗഷാദും കുടുംബവും 9 മാസം മുൻപാണു മാറിത്താമസിച്ചത്. അക്മലിന് ഏതു പാതിരാത്രിയിലും വീട്ടിലേക്കു കയറാൻ പാകത്തിനു വാതിലിന്റെ അരികിലെ ജനലിന്റെ ചില്ലുകൾ താഴെയും മുകളിലുമായി ഓരോ പാളി വീതം അടർത്തി മാറ്റിയിരുന്നു. ചില്ല് ഇല്ലാത്ത ഭാഗത്തുകൂടി കയ്യിട്ടാൽ വാതിലിന്റെ കൊളുത്തു നീക്കാൻ കഴിയും. കൊലപാതകത്തിനു ശേഷം പുറത്തേക്കു പോയപ്പോഴും അക്മൽ ജനലിൽ കൂടി കയ്യിട്ടു വാതിലിന്റെ കുറ്റി ഉള്ളിൽ നിന്നടച്ചു.
https://www.facebook.com/Malayalivartha


























