മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കൈമനം ഗാന്ധിമന്ദിരം പുന:സ്ഥാപിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദ്ദേശം നൽകി
തിരുവനന്തപുരം കരമന - കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത കൈമനം ഗാന്ധി മന്ദിരം പുന:സ്ഥാപിക്കാൻ പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ഗാന്ധി മന്ദിരം പുന:സ്ഥാപിക്കുന്നതിന് കൈമനം ബി. എസ്. എൻ. എൽ കോമ്പൗണ്ടിൽ മൂന്നു സെന്റ് സ്ഥലം അനിവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കന്യാകുമാരിയിൽ നിമജ്ഞനത്തിനായി കൊണ്ടുപോകവേ കൽമണ്ഡപത്തിൽ ഇറക്കിവച്ച് അന്തിമോപചാരം അർപ്പിച്ചതിന്റെ ഓർമ്മകൾ പേറുന്ന ഗാന്ധിസ്മാരകം കൽമണ്ഡപം, റോഡ് വികസനത്തിന്റെ ഭാഗമായി സർക്കാർ പൂർണമായി ഏറ്റെടുക്കുകയായിരുന്നു.
ഇതോടെ ഗാന്ധി മന്ദിരം ഇല്ലാതായിട്ട് വർഷങ്ങളായി. ഗാന്ധി മന്ദിരം ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തുമെന്ന് ജില്ലാകളക്ടർ കമ്മീഷനെ അറിയിച്ചു. 2016 ജൂലൈ പതിനഞ്ചിന് റവന്യൂ വകുപ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പുരാവസ്തു വകുപ്പ് മുഖേന ഗാന്ധിമന്ദിരം പുന:സ്ഥാപിക്കാൻ ജില്ലാ കളക്ടറെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തി.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാർ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി അടിയന്തിരമായി പരിഹരിക്കാൻ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ഭൂമി തിരുവനന്തപുരം തഹസീൽദാർക്ക് കൈമാറിയതായി ജില്ലാ കളക്ടർ റിപ്പോർട്ടിൽ പറയുന്നു. തഹസീൽദാരുമായി ബന്ധപ്പെട്ട് ഗാന്ധിമന്ദിരം പുന:സ്ഥാപിക്കാനാണ് പുരാവസ്തു ഡയറക്ടർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എത്രയും വേഗം ഇത് സാധ്യമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha