വഴിത്തിരിവായത് ആ കോള്‍... ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ വിളിച്ച കോള്‍ നിര്‍ണായകമായി; അറിയാത്തവര്‍ക്ക് ഫോണ്‍ ചെയ്താല്‍ കൊടുത്താലുണ്ടാകുന്ന പൊല്ലാപ്പ് എല്ലാവര്‍ക്കും പാഠം; കടയുടമ പറയുന്നത്
ഒരു കോള്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ച് പലരും എത്തുമ്പോള്‍ വോയിസ് കോളുകള്‍ ഫ്രീയുള്ള കാലത്ത് പലരും ഫോണ്‍ നല്‍കുക പതിവാണ്. എന്നാല്‍ ആ കോളിന് പിന്നിലുണ്ടാകുന്ന പൊല്ലാപ്പ് എത്രയെന്ന് അറിയാം പറ്റില്ല. അതാണ് ഈ സംഭവം പഠിപ്പിക്കുന്ന പാഠം. അതേ സമയം ഈ കോളാണ് നിര്‍ണായകമായത്. രേഖാചിത്രം വരയ്ക്കാന്‍ കഴിഞ്ഞത് ഇവിടന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ പാരിപ്പള്ളിക്ക് സമീപത്തെ എല്‍പിഎസ് ജംഗ്ഷനിലെ കടയിലെത്തിയത് ഏഴരയോടെയാണെന്ന് കടയുടമ. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതികള്‍ ആറുവയസുകാരിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കടയിലെത്തിയ പുരുഷനെയും സ്ത്രീയെയും കണ്ടാല്‍ തിരിച്ചറിയുമെന്നും കടയുടമ പറഞ്ഞു.
കടയുടമ പറഞ്ഞത്: ''ഏഴര മണിയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയും.''
അതേസമയം, ഓട്ടോയില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശന്‍ എന്നയാള്‍ പറഞ്ഞു. 'സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷന്‍ ബ്രൗണ്‍ ഷര്‍ട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നു.' സമീപപ്രദേശത്തുള്ള ഓട്ടോയല്ലായിരുന്നു അതെന്ന് സതീശന്‍ പറഞ്ഞു.
സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അബിഗേല്‍ സാറ റെജി, 6 വയസ്സ് ഇന്നലെ വൈകിട്ടു മുതല്‍ കേരളം മുഴുവന്‍ അവള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ അവളെ തിരിച്ചു കിട്ടണേയെന്ന നാട് പ്രാര്‍ഥിക്കുമ്പൊഴും ഉയര്‍ന്നത് ഒരുപിടി ചോദ്യങ്ങള്‍. പണത്തിനു വേണ്ടിയോ തട്ടിക്കൊണ്ടുപോകല്‍? അതോ മറ്റെന്തെങ്കിലുമാണോ ലക്ഷ്യം? പൊലീസും ജനങ്ങളും നാടാകെ അരിച്ചു പെറുക്കുകയാണ്.
ഇന്നലെ വൈകിട്ട് നാലേകാലിനും നാലരയ്ക്കും മധ്യേയാണു ഓയൂര്‍ ഓട്ടുമല ഗ്രാമത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറ റെജിയെ കാറില്‍ കടത്തിക്കൊണ്ടുപോയതു കാട്ടുതീ പോലെ പരന്നു.
വിവരമറിഞ്ഞ് 6 മണി പിന്നിട്ട് കൊട്ടാരക്കര റൂറല്‍ എസ്പി കെ.എം.സാബു മാത്യുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. അബിഗേലിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ നിമിഷനേരം കൊണ്ടു നാടെങ്ങും പ്രചരിച്ചു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചെന്നു പറയുന്ന വെള്ളക്കാറിന്റെ പടങ്ങളും ഒപ്പം. കാറിലുണ്ടായിരുന്നവര്‍ ജൊനാഥനു കൈമാറാന്‍ ശ്രമിച്ചുവെന്നു പറയുന്ന കടലാസിനു വേണ്ടിയും തിരച്ചില്‍ തുടങ്ങി. അതു റോഡില്‍ വീണുവെന്നായിരുന്നു വിവരം.
വൈകാതെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം പാഞ്ഞു. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇടറോഡുകളിലും പൊലീസ് വാഹനങ്ങള്‍ തടഞ്ഞു. ഓട്ടുമലയില്‍ നിന്നു കാര്‍ കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ വഴികളിലേക്കും നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘം പാഞ്ഞു.
"
https://www.facebook.com/Malayalivartha