വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി... കാട്ടാന ബേലൂര്‍ മഖ്നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്; കര്‍ശന നിരീക്ഷണം തുടരുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടു വരാന്‍ പ്രതിപക്ഷം
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വനം വകുപ്പിന്റെ ഉറക്കം കെടുത്തുന്നു. ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടു വരാന്‍ പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞു. വനംമന്ത്രി ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു തുടങ്ങി.
കാട്ടാന ബേലൂര്‍ മഖ്നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്.
രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടര്‍ അറിയിച്ചു.
കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്‌നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാര ദിശ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ചുമതലപ്പെടുത്തിയ 13 ടീമും പൊലീസിന്റെ പട്രോളിംഗ് ടീമും രംഗത്തുണ്ടാകും. ജനവാസ മേഖലകളില്‍ ഈ ടീമിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍.
സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍- 8547 602 504, സുനില്‍ കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തോല്‍പ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073. വനം വകുപ്പിന്റെ ഒരു ടീമില്‍ 6 മുതല്‍ 8 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് എന്നിവര്‍ നേതൃത്വം നല്‍കും.' ഇവ കൂടാതെ നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആര്‍.ആര്‍.ടികള്‍ സ്ഥലത്ത് എത്തുമെന്നും മന്ത്രി അറിയിച്ചു.
കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha