അനിൽ ആന്റണി പൂഞ്ഞാറിലെ വീട്ടിലെത്തി പി.സി. ജോർജിനെ കാണും, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പരാതി പരിഹരിക്കാൻ നീക്കം, പിസിയുടെ പിന്തുണ തേടിയ ശേഷം മണ്ഡലപര്യടനം തുടങ്ങാൻ അനിൽ ആന്റണി

സ്വന്തം പാർട്ടി ജനപക്ഷം പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേർന്ന പി.സി. ജോർജ് പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ കടുത്ത നിരാശയിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ട് അനിൽ ആന്റണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണും. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനിൽ ആന്റണി ഇന്ന് പിസി ജോര്‍ജ്ജിനെ കാണാനെത്തുന്നത്. പിസിയെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ പിസി ജോര്‍ജ്ജ് എതിർത്ത പശ്ചാത്തലത്തിലാണ് നീക്കം. പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണിയുടെ തീരുമാനം. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി ഇന്ന് വൈകിട്ട് പിസി ജോർജിനെ കാണുക. അനിൽ ആൻറണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്.
അതിനിടെ പി സി ജോർജിനെതിരായ പരാതി ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര നേതാക്കൾക്കും പിസിയുടെ നീക്കങ്ങളിൽ അതൃപ്തിയുണ്ട്.ജോർജിനെ തഴഞ്ഞ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിക്ക് ബി.ജെ.പി ദേശീയ നേതൃത്വം പത്തനംതിട്ട സീറ്റ് നൽകിയത് വലിയ അപമാനമായാണ് പി.സി. ജോർജ് കാണുന്നത്.
അനിൽ ആന്‍റണിയെ താഴ്ത്തിക്കെട്ടിയുള്ള പ്രതികരണവും തുഷാറിനെതിരായ പ്രതികരണവും വഴി ബി.ജെ.പി നേതൃത്വവുമായി പോരിന് തന്നെയെന്ന സൂചനയാണ് പി.സി. ജോർജ് നൽകുന്നത്. ഇതിന് പിന്നാലെയാണ് ഈ അനുനയ ശ്രമം.തെരഞ്ഞെടുപ്പിനു ശേഷം അനുയോജ്യമായ പദവി ഉൾപ്പെടെ വാഗ്ദാനം ജോർജിന് മുന്നിൽ ബി.ജെ.പി വെച്ചിട്ടുണ്ട്.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽനിന്ന് ഭാവി പദവിയുടെ ഉറപ്പ് നേടിയെടുക്കാനായി ഈ അവസരം ഉപയോഗിക്കുന്നതിന്‍റെ സൂചനയാണ് ജോർജിന്‍റെ പ്രതികരണങ്ങൾ നൽകുന്നത്. എങ്കിലും ഇത് തുടർന്നാൽ അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. തുറന്നുപറച്ചിലിനും കടന്നാക്രമണത്തിലും ഒരു മടിയുമില്ലാത്ത ജോർജ് തെരഞ്ഞെടുപ്പ് വേളയിൽ പ്രതികരിച്ച് പാർട്ടിക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കുമോയെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്.
https://www.facebook.com/Malayalivartha