ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. സ്ത്രീകളുടെ പ്രാതിനിധ്യം. ശാക്തീകരണം, സുരക്ഷിതത്വം, തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുസ്ഥിരത, ആലപ്പുഴയുടെ മുഖച്ഛായ മാറ്റാന്‍ വ്യവസായ, ഫിഷറീസ്, ടൂറിസം, ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങി 44,850 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിശ്വകര്‍മ്മ യോജനയിലൂടെ യുവാക്കള്‍ക്ക് സൗജന്യ കരകൗശല തൊഴില്‍ പരിശീലനം നല്‍കും. പണിയായുധങ്ങള്‍ വാങ്ങാന്‍ ഉള്‍പ്പടെ ബിസിബസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ നല്‍കും. ആലപ്പുഴയില്‍ വയോജനങ്ങള്‍ക്ക് കുര്യാക്കോസ് ഏലിയാസ് സ്‌നേഹ കേന്ദ്രം ആരംഭിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്, 300 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളം എത്തിക്കും. ഒരു രൂപയ്‌ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ഗുരുദേവ ക്യാന്റിനുകള്‍ മൂന്നെണ്ണം തുടങ്ങും.
അമ്പലപ്പുഴ, അരൂര്‍, കരുനാഗപ്പള്ളി എന്നിവടങ്ങളിലാണ് തുടങ്ങുക. മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ പിജി സ്‌കോളര്‍ഷിപ്പ് എംപിയുടെ പ്രത്യേക പദ്ധതിയിലൂടെ നടപ്പാക്കും. പീലിങ് മേഖല തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പദ്ധതി. കയര്‍, കശുവണ്ടി മേഖലയ്‌ക്ക് പദ്ധതികള്‍, ആലപ്പുഴയ്‌ക്ക് എയിംസ്, 100 ജന്‍ഔഷധി കേന്ദ്രങ്ങള്‍, ആലപ്പുഴ ഇഎസ്‌ഐ ആശുപത്രി സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും. അരൂരും, കരുനാഗപ്പള്ളിയിലും കേന്ദ്രീയ വിദ്യാലയങ്ങള്‍, ഹരിപ്പാട് സൈനിക സ്‌കൂള്‍, മഹികവി കുമാരനാശാന്റെ നാമധേയത്തില്‍ കേന്ദ്രസര്‍വകലാശാലയുടെ ഉപകേന്ദ്രം അമ്പലപ്പുഴയില്‍ തുടങ്ങും. പണ്ഡിറ്റ് കറുപ്പന്റെ നാമധേയത്തില്‍ ഫിനിഷിങ് സ്‌കൂളുകള്‍ തുടങ്ങും.
ഹരിപ്പാട് എന്‍ടിപിസിയോട് ചേര്‍ന്ന് ഇടത്തരം പെട്രോളിയം റിഫൈനറി സ്ഥാപിക്കാന്‍ നടപടി. ആലപ്പുഴയില്‍ 1500 കോടിയുടെ വസ്ത്രനിര്‍മ്മാണ ടെക്‌സ്റ്റൈല്‍ പാര്‍ക്ക്, അരൂരില്‍ 2000 കോടിയുടെ മന്നത്ത് പദ്മനാഭന്‍ മള്‍ട്ടി കോംപ്‌ളക്‌സ് ഡിജിറ്റല്‍ പാര്‍ക്ക് സ്ഥാപിക്കും. പൂട്ടികിടക്കുന്ന അരിമില്ലുകള്‍ തുറക്കും, കാര്‍ഷിക മേഖലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ദേശീയ ജലപാത വികസനം യാഥാര്‍ത്ഥ്യമാക്കും. ആലപ്പുഴയുടെ അന്താരാഷ്‌ട്ര ടൂറിസം ഹബ്ബാക്കും, 1650 കോടി ചെലവില്‍ ആലപ്പുഴയിലെ കനാലുകളും, കായലുകളും നമാമി ഗംഗ മാതൃകയില്‍ ശുചീകരിക്കും. ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തീരദേശമേഖലയുടെ വികസനത്തിന് സമഗ്രപദ്ധതി. തോട്ടപ്പള്ളി സ്പില്‍വേ ശാസ്ത്രീയമായി നവീകരിക്കും. തുടങ്ങി നിരവധി കര്‍മ്മ പദ്ധതികളാണ് ശോഭ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം മോദിയുടെ ഗ്യാരന്റിയില്‍ നടപ്പാക്കുമെന്നും സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha