ഞെട്ടലോടെ കമ്മ്യൂണിസ്റ്റുകാര്‍... കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും; കമ്മ്യൂണിസ്റ്റ്കാരെ ഞെട്ടിപ്പിച്ച് ഇകെ നായനാരുടെ ഭാര്യയെ കാണും; ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും; കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ല, സിനിമയെന്ന തൊഴിലേ അറിയൂ: സുരേഷ് ഗോപി
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ആദ്യം ഞെട്ടിക്കുന്നത് കമ്മ്യൂണിസ്റ്റ്കാരെയാണ്. സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തും.
തുടര്‍ന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിക്കും. ശേഷം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.
അതേസമയം കേന്ദ്രമന്ത്രി പദത്തിന് ശമ്പളം വേണ്ടെന്ന് സുരേഷ് ഗോപി. 'ഇതിന്റെ (കേന്ദ്രമന്ത്രിയുടെ) ശമ്പളം ഞാന്‍ എടുക്കില്ല. ഇത് രാജ്യസഭയില്‍ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാര്‍ഗം ഇല്ല. വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാന്‍ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട. മന്ത്രാലയത്തില്‍ സ്ഥാനമേറ്റെടുത്തശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടു പോലുമില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. പഠിച്ച് മന്നന്‍ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നല്‍കും. ടൂറിസത്തെ വിനോദ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കും. പല രാജ്യങ്ങളിലെയും മാതൃകകള്‍ കൂട്ടിയോജിപ്പിക്കും.
കേരളത്തിന്റെ എയിംസിന്റെ കാര്യം ചുമതലയുള്ളവര്‍ തീരുമാനിക്കും. അതിനായി സാധ്യതാപഠനം നടക്കണം. സംസ്ഥാനം സഹകരിച്ചാല്‍ ജനങ്ങള്‍ക്ക് അനിവാര്യമായ കാര്യങ്ങള്‍ ആവുന്ന രീതിയില്‍ നടപ്പിലാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എയിംസിന് വേണ്ടി നല്‍കിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റില്‍ വന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിസ്റ്റില്‍ വന്നാല്‍ ബജറ്റില്‍ വെച്ച് തീര്‍ച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവില്‍ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ കാസര്‍കോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പ്രദേശവാസികള്‍ വന്‍ തോതില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം സുരേഷ് ഗോപി തോറ്റപ്പോള്‍ വേട്ടയാടിയവര്‍ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിയെ തൃശൂരില്‍ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനാക്കിയതെന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാര്‍ഥിയായപ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന പ്രചാരണം നടത്തി. ഇപ്പോള്‍ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയെയോ ബിജെപിയെയോ തകര്‍ക്കാനാവില്ല. കേരളത്തിന് രണ്ടു മന്ത്രിമാരെ നല്‍കിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ശക്തമായ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നല്‍കും. ഈ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സംസ്ഥാന നേതൃയോഗം അടുത്താഴ്ച നടക്കും. ഇടതു സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഗുണം ചെയ്തത് യുഡിഎഫിനല്ല, എന്‍ഡിഎക്കാണ്. ബിജെപിയുടെ വളര്‍ച്ചയെ പറ്റി സിപിഎം പഠിക്കുമെന്ന് പറയുന്നത് വെറുതെയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha