ശബരിമല വിമാനത്താവളം പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍... ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍

ശബരിമല വിമാനത്താവളം പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പദ്ധതി പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജന്‍സിയെ കൊണ്ട് നടത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട്. ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ പക്കലുള്ള 1000.28 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തെളിവെടുപ്പ് ജോലികള്‍ ആരംഭിച്ചതോടെ സാമൂഹികാഘാത പഠനവും, ഭൂമിയുടെ ഉടമസ്ഥാവകാശ നിര്‍ണയവും ചട്ടവിരുദ്ധമാണെന്ന് കാട്ടി അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയില്‍ ഏപ്രില്‍ 24 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. സാമൂഹിക ആഘാത പഠനം നടത്തിയത് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് ആണ്.
ഇത് സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 2570 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ മൂന്നുവര്‍ഷം കൊണ്ട് വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രദേശം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























