പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരും. എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമനിർമ്മാണത്തിന് വേണ്ടി മാത്രമായിരുന്നു രണ്ടാം സമ്മേളനം. മൂന്നാം സമ്മേളനവും നിയമനിർമ്മാണത്തിന് മാത്രം ചേരുന്നു എന്ന പ്രത്യേകതയുണ്ട്.
കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (ഭേദഗതി), 2026-ലെ കേരള പബ്ളിക് സർവീസ് കമ്മിഷൻ (സർവ്വകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ ചുമതലകൾ) ഭേദഗതി , കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് (ഭേദഗതി), സർവകലാശാല നിയമങ്ങൾ (ഭേദഗതി ), 2026-ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) (2-ാം നമ്പർ), 2026 ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കേരള നോളജ് വാലി (സൗകര്യമൊരുക്കലും വികസനവും), 2026-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്തം (ഭേദഗതി ), 2026 -ലെ കേരള സിദ്ധാർത്ഥൻ റാഗിംഗ് നിരോധനവും വിദ്യാർത്ഥി ക്ഷേമവും, 2026-ലെ കായികതാരങ്ങളുടെ ക്ഷേമവും കായികവികസനവും ഭരണനിർവഹണവും എന്നീ ബില്ലുകളാണ് പരിഗണിക്കുക.
15-ാം നിയമസഭ പാസാക്കി ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്ന കേരള പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് (എസ്റ്റാബ്ളിഷ്മെന്റ് ആൻഡ് റഗുലേഷൻ) ബിൽ പിൻവലിക്കാനുള്ള ഉപക്ഷേപവും പരിഗണിക്കും .ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭാ സെക്രട്ടറി (ഇൻ ചാർജ് )ഷാജി.സി ബേബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha
























