പാവങ്ങളുടെ പിച്ചച്ചട്ടിയിലും വീണ കൈയ്യിട്ടുവാരിയെന്ന്! മിണ്ടാട്ടമില്ലാതെ പിണറായി.. മൈക്ക് ഊരി എറിഞ്ഞ് ഷംസീർ... സഭയിൽ കൊടുങ്കാറ്റായി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരെ വീണ്ടും മാസപ്പടി ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. അനാഥാലയങ്ങളിൽ നിന്ന് വീണ എല്ലാ മാസവും പണം കൈപ്പറ്റിയെന്നും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു.
വ്യവസായ വകുപ്പിന്റെ ചർച്ച പുരോഗമിക്കുമ്പോഴാണ് നിയമസഭയിൽ മൂവാറ്റുപുഴ എംഎൽഎ വീണ്ടും മാസപ്പടി വിഷയം ചർച്ചയാക്കിയത്. മുമ്പ് താൻ മാസപ്പടിയുടെ കാര്യത്തിൽ പറഞ്ഞതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. അതേസമയം, എംഎൽഎയുടെ പ്രസംഗത്തിൽ സ്പീക്കർ ഇടപെട്ടു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ നിലപാടെടുക്കുകയായിരുന്നു. ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി സഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കർ കുഴൽനാടനോട് പറഞ്ഞു. എന്നിട്ടും എംഎൽഎ പ്രസംഗം തുടർന്നതോടെ സ്പീക്കർ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
'സി.എം.ആർ.എല്ലിൽനിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആർ.ഒ.സി. അയച്ചൊരു നോട്ടീസിൽ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളിൽനിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്.
നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകൾ അനാഥാലയങ്ങളിൽനിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളിൽനിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക', മാത്യു ചോദിച്ചു.
എന്നാൽ, മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കർ ഇടപെട്ടുപറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് ഷംസീർ അറിയിച്ചു. മാസപ്പടി വിഷയത്തിൽ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പി.വി എന്നത് പിണറായി വിജയൻ അല്ലെന്ന് തെളിയിച്ചാൽ തന്റെ എംഎൽഎ പദവി രാജിവയ്ക്കുമെന്നും മാത്യു കുഴൽനാടൻ സഭയിലെ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
പി.വി താനല്ലെന്ന് ഹൈക്കോടതി അയച്ച നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമക്കട്ടേയെന്നും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. എന്നിട്ടും മാത്യു പിന്മാറാൻ തയ്യാറാകാതെ വന്നതോടെ സ്പീക്കർ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























