പെൻഷൻ 2500 രൂപയാക്കുമെന്ന് വാഗ്ദാനം നൽകി വോട്ട് തേടിയവർ ഇപ്പോൾ ഉള്ളതു പോലും നൽകുന്നില്ല; പ്രതിപക്ഷ നേതാവ്

സൗമ്യനായി മാത്രം സംസാരിക്കാറുള്ള ധനകാര്യ മന്ത്രി ഇന്ന് എന്തിനാണ് ഇത്രയും പ്രകോപിതനായതെന്നു മനസിലാകുന്നില്ല. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ്, നിങ്ങളുടെ സർക്കാർ നിയമസഭയിൽ നൽകിയ മറുപടികൾ ഉദ്ധരിച്ച് സംസാരിച്ചത് അങ്ങയെ എന്തിനാണ് ഇത്രമാത്രം പ്രകോപിപ്പിക്കുന്നത്?
ഒരു അടിയന്തിര സ്വഭാവമുള്ള വിഷയമല്ലെന്നും പ്രതിപക്ഷം മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും ആത്മാർത്ഥതയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഞങ്ങളുടെ ആത്മാർത്ഥത അളക്കാനുള്ള അളവ് കോൽ അങ്ങയുടെ കയ്യിൽ ഉണ്ടോയെന്ന് അറിയില്ല. പക്ഷെ, വിഷയം ലളിതമല്ല, വളരെ സങ്കീർണമാണ്. ആറു മാസമായി സാമൂഹിക സുരക്ഷാ പെൻഷൻ കൊടുക്കുന്നില്ല.
ഭിന്നശേഷിക്കാരും വിധവകളും വാർധക്യം ബാധിച്ചവരും അഗതികളും പാവപ്പെട്ടവരുടെ ഉൾപ്പെടെ 55 ലക്ഷം പേരാണ് പെൻഷന് വേണ്ടി കാത്തിരിക്കുന്നത്. ഈ പാവങ്ങൾക്കാണ് നിങ്ങളുടെ സർക്കാർ ആറു മാസത്തെ കുടിശിക വരുത്തിയിരിക്കുന്നത്. ഈ മാസം മുതൽ പെൻഷൻ കൊടുത്തു തുടങ്ങിയെന്നാണ് മന്ത്രി തന്ത്രപൂർവം പറഞ്ഞത്.
നേരത്തെ സർക്കാർ ഇറക്കുന്ന ഉത്തരവുകളിൽ ഏത് മാസത്തെ പെൻഷനാണ് നൽകുന്നതെന്ന് വ്യക്തമാക്കുമായിരുന്നു. ഇപ്പോൾ ഇറക്കിയ ഉത്തരവിൽ ഏത് മാസത്തെ പെൻഷനാണ് നൽകുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്.
എന്നാൽ യഥാർത്ഥത്തിൽ കൊടുത്തത് കൊടുക്കാനുള്ള ഒക്ടോബർ, നവബർ, ഡിസംബർ മാസങ്ങളിലേതാണ്. അതായത് ആറ് മാസത്തെ പെൻഷൻ ഇനി ഒരിക്കലും കിട്ടില്ലെന്ന രീതിയിലാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഏത് മാസത്തെയാണെന്ന് പറയാതെ നിങ്ങൾ പെൻഷൻ ഉത്തരവ് ഇറക്കുന്നത് ആരെ കബളിപ്പിക്കാനാണ്?
ഈ പാവപ്പെട്ടവരും സാധാരണക്കാരുമായവരെയാണോ നിങ്ങൾ കബളിപ്പിക്കുന്നത്. പെൻഷൻ കുടിശിക നൽകാതിരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. രേഖകളുടെ അടിസ്ഥാനത്തിലാണ് പി.സി വിഷ്ണുനാഥ് നിയമസഭയിൽ സംസാരിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ കൊടുക്കാനുണ്ടായിരുന്നെന്ന കള്ളം നിങ്ങൾ വീണ്ടും ആവർത്തിച്ചു.
തോമസ് ഐസക്ക് പുറത്തിറക്കിയ ഔദ്യോഗിക ധവളപത്രം ഇവിടെ വായിച്ചല്ലോ. സാമൂഹിക സുരക്ഷാ പെൻഷൻ ഉൾപ്പെടെ അടിയന്തിരമായി കൊടുത്തു തീർക്കേണ്ട ബാധ്യത 806 കോടി മാത്രമായിരുന്നെന്നാണ് ധവളപത്രത്തിൽ പറഞ്ഞിരുന്നത്. അത് 2014 നവംബർ, ഡിസംബർ, 2015 ജനുവരി ഉൾപ്പെടെ മൂന്ന് മാസത്തെ പെൻഷൻ.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 2014 നവംബർ മുതൽ 2015 ജനുവരി വരെയുള്ള പെൻഷൻ തുക വിതരണം ചെയ്യപ്പെടാതെ വാർദ്ധക്യ കാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷനുകൾ മുടങ്ങിയെന്ന് തോമസ് ഐസക്ക് 2017 ൽ എം സ്വരാജിന് നൽകിയ നിയമസഭ മറുപടിയിൽ പറഞ്ഞിട്ടുണ്ട്.
2015 ഫെബ്രുവരി മുതലുള്ള തുക ഗുണഭോക്താക്കൾക്ക് ഡി.ബി.റ്റി സംവിധാനത്തിൽ വിതരണം ചെയ്തു വരികയായിരുന്നെന്നും ഗുണഭോക്താക്കളുടെ വിവരങ്ങൾ ശരിയായി രേഖപ്പെടുത്താത്തത് മൂലവും തെറ്റായ രേഖപ്പെടുത്തലുകൾ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ എന്നീ കാരണങ്ങളാൽ വിതരണം ചെയ്ത തുക ലഭിക്കാതെ വന്നതു മൂലവും കുടിശിക വന്നതെന്നും ഐസക് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ ധനകാര്യ മന്ത്രി നൽകിയ ഉത്തരമാണിത്. എന്നിട്ടും 18 മാസത്തെ പെൻഷൻ മുടങ്ങിയെന്ന് അങ്ങ് എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്?
https://www.facebook.com/Malayalivartha
























