ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ സിബിഐ ഇതുവരെ ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ ഈ കേസ് ഏറ്റെടുക്കുന്നതു വരെയാണ് പൊലീസ് അന്വേഷണം തുടരാന്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടത്. കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സിബിഐ സമയം തേടി. കേസ് അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും. 2024 ഏപ്രില്‍ എട്ടിനാണ് ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്.
കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇ.ഡി റെയ്ഡിനെത്തുന്ന വിവരങ്ങള്‍ അടക്കം പ്രതികള്‍ക്ക് ചോര്‍ന്നു കിട്ടിയ സാഹചര്യത്തില്‍ അതീവ രഹസ്യമായാണ് കേസ് സിബിഐക്ക് വിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.
പിന്നാലെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. സിബിഐ ഈ കേസ് ഏറ്റെടുത്തതായോ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായോ ഉള്ള രേഖകളൊന്നും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ അന്വേഷണം എവിടെയും എത്താതെ പോകാന്‍ പാടില്ല. അതുകൊണ്ട് പരാതികള്‍ കിട്ടുന്ന മുറയ്ക്ക് അവ റജിസ്റ്റര്‍ ചെയ്ത് പൊലീസിന് അന്വേഷണം ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ചേര്‍പ്പ് പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























