മാവേലിക്കരയിലെ യുവാവിന്റെ മരണം കൊലപാതകം... കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ കൊല്ലപ്പെട്ട രാജേഷിന്റെ വനിതാ സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

മാവേലിക്കരയിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ കൊല്ലപ്പെട്ട രാജേഷിന്റെ വനിതാ സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്. പത്തനംതിട്ട കുന്നന്താനം സ്വദേശിനിയായ സ്മിത. K. രാജ്, രാജേഷിന്റെ സുഹൃത്തുക്കളായ ചെന്നിത്തല കാരാഴ്മ മനാതിയില്‍ ബിജു, ഇലവുംതിട്ട സനുഭവനത്തില്‍ സുനു എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 18ന് പുലര്‍ച്ചയോടെ ചെന്നിത്തല കാരഴ്മ ഒരിപ്രം കാര്‍ത്തികയില്‍ രാജേഷിനെ (50) ആണ് മിച്ചല്‍ ജംഗ്ഷന് വടക്കുഭാഗത്തു ബാങ്കിന്റെ മുന്‍വശം മരിച്ചനിയില്‍ നിലയില്‍ കാണപ്പെട്ടത്. പ്രതികളെ കണ്ടെത്തുന്നതിനും, അറസ്റ്റ് ചെയ്യുന്നതിനുമായി ചെങ്ങന്നൂര്‍ ഡി. വൈ. എസ്. പി. കെ. എന്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബിജോയി.എസ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.
രാജേഷിന്റെ ഉടമസ്ഥതയില്‍ ചങ്ങനാശ്ശേരിയിലുള്ള മാര്യേജ് ബ്യൂറോയിലാണ് സ്മിത ജോലി ചെയ്തിരുന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചു സ്മിതയെ ഉപദ്രവിക്കുമായിരുന്നു. ഇതിന്റെ വിരോധം മൂലമാണ് സ്മിത, രാജേഷിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
സംഭവ ദിവസം രാത്രി മിച്ചല്‍ ജംഗ്ഷനില്‍ ഉള്ള ബാറില്‍ മദ്യപിച്ച ശേഷം എതിര്‍വശമുള്ള ബാങ്കിന് സമീപം കിടന്നുറങ്ങുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തിയ പ്രതികള്‍ മര്‍ദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കുവേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് അയല്‍ സംസ്ഥാനത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികളെ പന്തളം കുളനട ഭാഗത്തു വെച്ച് മാവേലിക്കര പോലീസ് പിടികൂടുകയാത്. പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
രാജേഷ് ചങ്ങനാശേരിയില്‍ നടത്തിയിരുന്ന മാരേജ് ബ്യൂറോ ഇപ്പോള്‍ സ്മിതയാണു നടത്തുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് രാജേഷും സ്മിതയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും രാജേഷ് സ്മിതയെ മര്‍ദിച്ചിരുന്നുവെന്നും, ഇതിന്റെ വിരോധത്തില്‍ സുഹൃത്തുക്കളോടു രാജേഷിനെ മര്‍ദ്ദിക്കാന്‍ സ്മിത നിര്‍ദേശം നല്‍കുകയായിരുന്നു എന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഗൂഢാലോചനക്കുറ്റം ചുമത്തി സ്മിതയെ അറസ്റ്റ് ചെയ്തത്.
മരിച്ച രാജേഷ്, സുനുവിനും ബിജുവിനും ഒപ്പം സംഭവത്തിന്റെ തലേന്നു പകല്‍ വിവിധ സ്ഥലങ്ങളിലെത്തി മദ്യപിച്ചിരുന്നു. മിച്ചല്‍ ജംക്ഷനു വടക്കു വശമുള്ള ബാറില്‍ മദ്യപിച്ചു പ്രശ്നം സൃഷ്ടിച്ച രാജേഷിനെ അവിടെ നിന്നു പുറത്താക്കിയിരുന്നു . കുറച്ചു സമയത്തിനു ശേഷം വീണ്ടുമെത്തി മദ്യപിച്ച രാജേഷ് ബാറിന് എതിര്‍വശത്തുള്ള ബാങ്കിന്റെ തിണ്ണയിലിരുന്നു.
അന്ന് പുലര്‍ച്ചെ പന്ത്രണ്ടേ മുക്കാല്‍ മണിയോട് കൂടി സുനുവും ബിജുവും ബൈക്കില്‍ ബാങ്കിനു സമീപമെത്തി അവിടെ കിടന്നുറങ്ങുകയായിരുന്ന രാജേഷിനെ മാരകയുധങ്ങളുപയോഗിച്ച് മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രതികള്‍ക്ക് കൃത്യം നടത്തുന്നതിനുവേണ്ടി മദ്യപിക്കുന്നതിനു സ്മിത പണം നല്‍കിയതായി പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട രാജേഷിന്റെ പോസ്റ്റ്മോര്‍ട്ടത്തിനും, മരണാനന്തര ചടങ്ങുകളിലും സ്മിത പങ്കെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























