മണ്ണിടിഞ്ഞ് ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍....പുഴയിലെ വെള്ളത്തിനു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു.... എന്നാല്‍ തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു....
ഷിരൂരില്‍ മണ്ണിടിഞ്ഞ് ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്. 6 വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. 9 പേരെ കാണാതായി. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. പരുക്കേറ്റ 7 പേര്‍ ആശുപത്രിയിലാണ്. വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും തകര്‍ന്നു. പുഴയിലെ വെള്ളത്തിനു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു. എന്നാല്‍ തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ ദിവസമാണ് സ്‌ഫോടനമുണ്ടായത്. ദേശീയപാതയില്‍നിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കര്‍ലോറികളില്‍ ഒന്നു മാത്രമാണ് 7 കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെക്കുറിച്ചു വിവരമില്ല. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതാകും സ്‌ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണു കരുതുന്നത്. കുന്നിടിഞ്ഞു നദിയിലേക്കു വീണപ്പോള്‍ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചുകയറി. ഈ സമയത്ത് ഉഗ്രസ്‌ഫോടനവും ഉണ്ടായെന്നാണ് വെളിപ്പെടുത്തല്‍. ഇതോടെ അര്‍ജ്ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക കൂടി.
അതിനിടെ അര്‍ജുനെ കണ്ടെത്തുന്നതിന് അടിയന്തര ഇടപെടല്‍ തേടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി. സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. അഭിഭാഷകനായ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. അര്‍ജുനെ കണ്ടെത്തുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിസ്സംഗത കാട്ടിയെന്നും ഹര്‍ജിയിലുണ്ട്.
ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസമായി. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചില്‍ തുടരും. ഇന്നുമുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകിട്ടോടെ,പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍ കിട്ടിയിരുന്നു.ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.
ഗം?ഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയ സിഗ്‌നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്‌നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു.
https://www.facebook.com/Malayalivartha