ഒറ്റക്കെട്ടായി ഒരു നാടിനായി... മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം; മുണ്ടക്കൈ ദുരന്ത പുനരധിവാസം അജണ്ട, കാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റും; കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും; വിവിധ വകുപ്പ് മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന, കണ്ടെത്താനുള്ളത് 152 പേരെ
സംസ്ഥാനം ഒറ്റക്കെട്ടായി വയനാട് അതിജീവനത്തിനായി പോരാടുകയാണ്. അതിനിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി ചേരും. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട.
താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് വിവരം. ടൗണ്‍ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം. ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, വയനാട് ദുരന്തത്തിന്റെ ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടി ഉള്ള തെരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റര്‍ ദൂരം പരിശോധന നടത്താനാണ് ആലോചന.
അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.
ദുരിതബാധിതര്‍ക്കുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം അറിയിച്ചു. സ്‌കൂളുകളിലെ ക്യാംപില്‍ കഴിയുന്നവരെ കൂടുതല്‍ മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കാനാണു ശ്രമം. ടൗണ്‍ഷിപ് ഉയരുന്നതുവരെ ഈ കെട്ടിടങ്ങളിലാണു താല്‍ക്കാലിക പുനരധിവാസം. ഇതിനായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി മന്ത്രി കെ.രാജന്‍ പറഞ്ഞു.
ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ - സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ ഒരാഴ്ചയ്ക്കകം കണ്ടെത്താനാണു തീരുമാനം. കാണാതായവരുടെ വിവരശേഖരണം ഊര്‍ജിതമായി നടക്കുന്നു. റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രി എ.കെ.ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ താമസിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കല്‍പറ്റയില്‍ 15, പടിഞ്ഞാറത്തറയില്‍ 6, ബത്തേരിയില്‍ 2, കാരാപ്പുഴയില്‍ 4 എന്നിങ്ങനെയാണ് അനുവദിക്കുക.
ദുരന്തമുണ്ടായ മേഖലയില്‍ വാസയോഗ്യമായ എത്ര കെട്ടിടങ്ങള്‍ ബാക്കിയുണ്ട് എന്നറിയാന്‍ ദുരന്തനിവാരണ വകുപ്പ് ഇന്നു മുതല്‍ പരിശോധന നടത്തും. കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെയാണു ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. 10 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തംഗം, ജിയോളജിസ്റ്റ്, സിവില്‍ എന്‍ജിനീയര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തഹസില്‍ദാരുടെ പ്രതിനിധി എന്നിവരാണു സംഘത്തിലുണ്ടാവുക. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറും.
വെള്ളാര്‍മല സ്‌കൂളിലെ 552 കുട്ടികള്‍ക്കും മുണ്ടക്കൈ ജിഎല്‍പി സ്‌കൂളിലെ 62 കുട്ടികള്‍ക്കും തുടര്‍പഠനത്തിനായി മേപ്പാടി എച്ച്എസ്എസ്, മേപ്പാടി ജിഎല്‍പിഎസിനോടു ചേര്‍ന്ന എപിജെ ഹാള്‍ എന്നിവയില്‍ സൗകര്യമൊരുക്കും. 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കും.
" f
https://www.facebook.com/Malayalivartha