നിര്‍ണായക ദിവസങ്ങള്‍... കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ്എന്‍ ട്രൈനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി; 5 ലക്ഷം നഷ്ടപരിഹാരം നല്‍കണം
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്. എസ് എന്‍ ട്രൈനിംഗ് കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണ്‍ ആയിരുന്നു ഹര്‍ജിക്കാരന്‍. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ ട്രൈബൂണലിനെ സമീപിച്ച് വിധി സമ്പാദിച്ചെങ്കിലും പ്രവീണിനെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല.
കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.എന്‍.ഡി.പി. യോഗത്തിനുമേല്‍ പാര്‍ട്ടി കുതിരകയറേണ്ടെന്നു സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മിറ്റി. വെള്ളാപ്പള്ളി നടേശന്‍ യോഗത്തെ നയിക്കുന്നതില്‍ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയില്‍ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞദിവസം നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിലാണ് എസ്.എന്‍.ഡി.പി.വിഷയം വിശദമായി ചര്‍ച്ചചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ എസ്.എന്‍.ഡി.പി. യോഗ നേതൃത്വത്തിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടിങ് രീതിയില്‍ ആശങ്കവേണ്ടെന്ന നിലപാടിലായിരുന്നു ജില്ലാക്കമ്മിറ്റിയിലെ ചര്‍ച്ച. ഇതിന്റെ പേരില്‍ എസ്.എന്‍.ഡി.പി. യോഗത്തിനെതിരേ തിരിയേണ്ടതില്ല.
ഒരുതരത്തിലുമുള്ള കമ്മിറ്റികളും പിടിച്ചെടുക്കുന്നതിനോ അവയില്‍ കടന്നുകയറുന്നതിനോ ഉള്ള നീക്കം വേണ്ടെന്നു നിര്‍ദേശിച്ചതായാണു വിവരം. പാര്‍ട്ടിയുടെ ആരും ശാഖായോഗങ്ങളില്‍ കടന്നുകയറാനും ശ്രമിക്കേണ്ടാ. അതേസമയം, ശാഖായോഗങ്ങളിലടക്കം ആര്‍.എസ്.എസ്. കടന്നുകയറ്റത്തെ ജാഗ്രതയോടെ കാണണം. ഇതിനുള്ള അവസരമുണ്ടാക്കരുതെന്ന മുന്നറിയിപ്പും കീഴ്ഘടകങ്ങള്‍ക്കു നല്‍കും.
ബി.ഡി.ജെ.എസിന്റെ പേരില്‍ എസ്.എന്‍.ഡി.പി. യോഗത്തില്‍ കടന്നുകയറാന്‍ ആര്‍.എസ്.എസ്. ശ്രമിക്കുന്നുണ്ട്. കടന്നുകയറ്റത്തിന് അവസരമില്ലാത്ത തരത്തിലാണ് യോഗനേതൃത്വത്തിന്റെ നിലപാടെങ്കിലും ആര്‍.എസ്.എസ്. നീക്കം കരുതിയിരിക്കണം. അതിനായി ശാഖായോഗങ്ങളുമായി നല്ല ബന്ധവും സഹകരണവുമുണ്ടാകണം.
ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തിന്റെ പേരില്‍ മതനിരപേഷ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതില്ല. ഭൂരിപക്ഷ വര്‍ഗീയ നീക്കങ്ങളില്‍, ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണമെന്നതു പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അതില്‍ വെള്ളം ചേര്‍ക്കാതെ പ്രവര്‍ത്തിക്കണം. എന്നാല്‍, ന്യൂനപക്ഷ വര്‍ഗീയതയ്ക്കു കൊടിപിടിക്കുന്ന പ്രസ്ഥാനങ്ങളെ അകറ്റിനിര്‍ത്തണം.
സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങളെല്ലാം കൊടുക്കാനും അതിനു മുന്‍ഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. അവരുടെ ആവശ്യങ്ങളിലും വിഷയങ്ങളിലും ഒപ്പം നില്‍ക്കാനും നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. "
https://www.facebook.com/Malayalivartha