ജോയി മരിച്ചിട്ട് ഒരു മാസം; അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ:- വീടെന്ന ഉറപ്പും നടപ്പായില്ല...
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ചിട്ട് ഇന്ന് ഒരു മാസമാകുമ്പോളും ജോയിയുടെ അമ്മയ്ക്ക് ഒരു സഹായവും നൽകാതെ റെയിൽവേ. അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കുകയാണ് ജോയിയുടെ അമ്മ മെൽഹി. സർക്കാർ അടിയന്തിര സാമ്പത്തിക സഹായം 10 ലക്ഷം നൽകിയെങ്കിലും സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും, അടുത്ത മഴയ്ക്ക് മുമ്പ് വീട് കിട്ടിയിരുന്നെങ്കിൽ സഹായമായേനെ എന്നും ജോയിയുടെ 'അമ്മ പ്രതികരിച്ചു.
മകൻ ഓർമയായിട്ട് ആദ്യമായി തിരിച്ച് വീട്ടിലേയ്ക്ക് എത്തി. ജോയിയുടെ മരണ ശേഷം അമ്മ കല്ലിടുക്കുകൾ താണ്ടി ആ വീട്ടിലേയ്ക്ക് എത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈ 13 ന് പുലർച്ചെ 5.10നാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്ന ജോലിക്കായി ജോയ് ഇവിടെ നിന്ന് പുറപ്പെടുന്നത്. ജോയിയുടെ ഷർട്ടും, പായും തലയിണയും ചെരുപ്പുമെല്ലാം അമ്മയ്ക്ക് ഓരോ ഓർമകളാണ്. അത് ഇന്നും ജോയ്തന്നെയാണെന്ന് അമ്മ വിശ്വസിക്കുന്നു. വീട്ടിലേക്ക് നടന്ന് കയറേണ്ട വഴി ഇടിഞ്ഞു വീണു. വാർദ്ധക്യത്തിന്റെ നോവും പേറിയാണ് ഈ 'അമ്മ തന്റെ മകന്റെ ഓർമ്മകൾ തേടി ഒരു കുഞ്ഞ് വീട് ആഗ്രഹിക്കുന്നത്.
ജോയിയുടെ മരണത്തിനു കാരണമായ ആമയിഴഞ്ചാനിലെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ വകുപ്പുകളും റെയില്‍വേയും ഏറ്റെടുക്കാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ യോഗ തീരുമാന പ്രകാരം മാലിന്യം നീക്കാന്‍ 63 ലക്ഷം രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയെങ്കിലും സഹകരിക്കാന്‍ റെയില്‍വേ തയാറായില്ല. ഇതോടെ റെയില്‍വേ കനാലില്‍ മാലിന്യം അതേപടി കിടക്കുകയാണ്.
റെയില്‍വേ ഭൂമിയായതിനാല്‍ അവരാണ് മാലിന്യം മാറ്റേണ്ടതെന്ന് കോര്‍പ്പറേഷന്‍ വാദം. ഞങ്ങളുടെ പണിയല്ലെന്ന് റെയില്‍വേയും പറയുന്നു. ജോയി ഇല്ലാതായിട്ടും ഈ തര്‍ക്കം തുടര്‍ന്നപ്പോള്‍ ജലസേചന വകുപ്പും റെയില്‍വേയും സഹകരിച്ച് മാലിന്യംനീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
120 മീറ്റററിലെ മാലിന്യം നീക്കാന്‍ 63 ലക്ഷംരൂപയുടെ പദ്ധതി ജലസേചനവകുപ്പ് തയാറാക്കി റെയില്‍വേക്ക് കൈമാറി. പിന്നീട് റെയില്‍വേ ആ വഴിക്ക് വന്നില്ല. ജലസേചനവകുപ്പും പദ്ധതി കീശയിലിട്ട് മിണ്ടാതിരിക്കുകയാണ്.
https://www.facebook.com/Malayalivartha