നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ 'അമ്മ' നേരത്തേ ഗർഭഛിദ്രത്തിന് ശ്രമിച്ചു; പരാജയപ്പെട്ടപ്പോൾ രഹസ്യ പ്രസവം...
പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ ഡോണ ജോജി (22) നേരത്തേ ഗർഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോർട്ട്. അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഗർഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗർഭം അലസിയെന്നാണു കരുതിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ പോളിത്തീൻ കവറിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അപ്പോൾ ജീവനുണ്ടായിരുന്നെന്നും ജനിച്ചപ്പോൾ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണ നൽകിയ മൊഴി. പക്ഷേ മരിച്ചിരുന്നുവെന്നാണ് തോമസിന്റെ മൊഴി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇരുവരുടെയും ഫോൺവിളി വിവരങ്ങൾ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറുടെ മൊഴി. പ്രതികളെയും മറവു ചെയ്യാൻ സഹായിച്ച അശോക് ജോസഫ് (30)നെയും ആലപ്പുഴ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഡോണയെ മജിസ്ട്രേട്ട് അവിടെയെത്തിയാണു റിമാൻഡ് ചെയ്തത്.
ജനിച്ചു മണിക്കൂറുകൾ കഴിഞ്ഞാണു കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അതുവരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിന് അടുത്ത് ഒളിപ്പിച്ചു വയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. പോളിത്തീൻ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോൾ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നൽകി. പ്രതികളെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്നും അന്വേഷണസംഘം പറയുന്നു. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ഡോണ വീട്ടിലെ കിടപ്പുമുറിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. അന്ന് അർധരാത്രിക്കു ശേഷം തോമസ് ജോസഫ് സുഹൃത്ത് അശോകുമൊത്ത് എത്തി കുഞ്ഞിന്റെ ജഡം കൊണ്ടുപോയി മറവു ചെയ്തെന്നാണു പ്രതികളുടെ മൊഴി. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടി. പരിശോധനയിൽ പ്രസവ വിവരം പുറത്തായി. തുടർന്നു പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികൾ കൂടി അറസ്റ്റിലായത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തീകരിച്ച ഡോണ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ജയ്പുരിൽ പഠനകാലത്താണ് അവിടെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി പ്രണയത്തിലാകുന്നത്.
കുഞ്ഞിന്റെ ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്കു തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാൻ പൊലീസ് ആലോചിക്കുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ കുഞ്ഞിനെ മറവു ചെയ്തെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകിട്ടോടെയാണ് ഈ സ്ഥലം കണ്ടെത്തി ജഡം പുറത്തെടുത്തത്. അപ്പോഴേക്കും അവയവങ്ങൾ പലതും ജീർണിച്ചിരുന്നു. ടാഗ് ചെയ്യാതെ പൊക്കിൾക്കൊടി മുറിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടിൽ തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നാണു ഡോണയുടെ മൊഴി. കൊച്ചിയിലെ ആശുപത്രിയിൽ ഡോണയെ പരിശോധിച്ച ഡോക്ടർമാർ പറയുമ്പോഴാണു പ്രസവം നടന്ന കാര്യം വീട്ടുകാർ അറിയുന്നത്.
https://www.facebook.com/Malayalivartha