സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി വി.ശിവൻകുട്ടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ജാഗ്രതയോടെയുള്ള സമീപനം ഉണ്ടാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തി സായുധസേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലത്തായി നമ്മെ ഭിന്നിപ്പിക്കാനും ഐക്യത്തിൻ്റെ ഘടനയെ ദുർബലപ്പെടുത്താനും മതേതര തത്വങ്ങളെ വെല്ലുവിളിക്കാനും ശ്രമിക്കുന്ന ശക്തികൾ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങളെ മുളയിലേ നുള്ളിയാൽ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ അർത്ഥപൂർണ്ണമാകൂ. സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിൻ്റെ സവിശേഷത രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമായിരുന്നു.
അതിനാൽ സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമാണ്. നമ്മുടെ രാജ്യത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് കാണാം. ജനാധിപത്യത്തിൻ്റെ വിളക്കുമാടമായും വൈവിധ്യങ്ങളാൽ സമ്പന്നമായ രാഷ്ട്രമായും ആഗോളതലത്തിൽ ഒരു ശക്തികേന്ദ്രമായും ഇന്ത്യ തലയുയർത്തി നിൽക്കുന്നുണ്ട് എന്നത് നമ്മുടെ വേരുകളുടെ ശക്തിയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























