ഡ്രഡ്ജർ എത്തിക്കും മുമ്പ് ഇന്ന് തന്നെ അർജുനെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷ.... മനാഫ് പ്രതികരിക്കുന്നു

ഗംഗാവലിപുഴയിൽ കലക്കവെള്ളമായതിനാൽ അർജുനെ കണ്ടെത്താനുള്ള ദൗത്യം ദുഷ്കരമായേക്കുമെന്നു വിലയിരുത്തൽ നിലനിൽക്കുന്നതിനിടെ അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക. ഈ ഭാഗം കഴിഞ്ഞ ദിവസം നാവികസേന അടയാളപ്പെടുത്തിയിരുന്നു. അന്നു മണ്ണിടിച്ചിലിൽ കാണാതെ പോയ ടാങ്കറിന്റേതെന്നു സംശയിക്കപ്പെടുന്ന ലോഹഭാഗങ്ങൾ കിട്ടിയ ഭാഗവും അടയാളപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഡ്രജർ എത്തുന്നതുവരെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചാകും തിരച്ചിൽ തുടരുക. അർജുൻ ഉൾപ്പെടെ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.
ഈശ്വര്‍ മാല്‍പെയും നേവി ഡൈവറും ഒരേ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മാല്‍പെയുടെ വഞ്ചികളും സ്പോട്ടിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ പുഴയുടെ ആഴങ്ങളില്‍ പരിശോധിക്കുന്നു. മാല്‍പെയും രണ്ട് സഹ ഡൈവര്‍മാരും പുഴയില്‍ ഇറങ്ങാന്‍ സജ്ജമായി. കലക്കവെള്ളമായതിനാൽ നദിക്ക് അടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നു മുങ്ങൽവിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. പുഴയിലേക്ക് മറിഞ്ഞ വലിയ ആൽമരവും ഇന്ന് കരയ്ക്കെത്തിക്കും. കാർവാറിൽ നിന്നാണു നാവികസേനയുടെ സംഘമെത്തിയിരിക്കുന്നത്. മഴ മാറിനിന്നു കാലാവസ്ഥ അനുകൂലമാണെങ്കിലും ഇന്നു വെള്ളം കലങ്ങിയൊഴുകുകയാണ്.
കഴിഞ്ഞദിവസം മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കാഴ്ചാപരിമിതി പ്രശ്നമാകുമോയെന്നാണ് ഇന്നത്തെ അനിശ്ചിതത്വം. ആഴത്തിലേക്കു പോയാലും വലിയ പാറക്കഷണങ്ങളും മരങ്ങളും മണ്ണും ഉൾപ്പെടെയുള്ളവ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇവയുടെ അടിയിലാകാം ലോറിയുടെ ഭാഗങ്ങളും മറ്റുമെന്നാണു കരുതുന്നത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകനും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു.
ഇന്നലെ കാർവാറിൽ പാലം തകർന്നു കാളി നദിയിൽ പതിച്ച ലോറി ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മാൽപെയും സംഘവും പുറത്തെടുത്തിരുന്നു. അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുമെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.വലിയ കല്ലുകളാണു വെള്ളത്തിനടിയിൽ. ഈ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂ. അതിനാവശ്യമായ ഉപകരണങ്ങൾ ഇല്ല എന്നതു വലിയ പ്രതിസന്ധിയാണ്.
ഡ്രഡ്ജർ എത്തിക്കാൻ വൈകുന്നതും പ്രതിസന്ധിയാണ്. അതിനിടെ എത്രയും വേഗം ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോറി ഉടമ മനാഫും. ഡ്രഡ്ജർ എത്തിക്കും മുമ്പ് ഇന്ന് തന്നെ അർജുനെ കണ്ടെത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് മനാഫ്. സംഭവത്തെക്കുറിച്ച് മനാഫിന്റെ പ്രതികരണം ഇങ്ങനെ...
https://www.facebook.com/Malayalivartha


























