ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നു 15 ലക്ഷം രൂപ കവർന്ന കേസിൽ ഞായറാഴ്ച അറസ്റ്റിലായ പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണി ഒറ്റയ്ക്കാണു കവർച്ച നടത്തിയതെന്നു പൊലീസിനോട് ആവർത്തിച്ചു. 14 ദിവസത്തേക്കു റിമാൻഡിലായ പ്രതി വിയ്യൂർ ജയിലിലായിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോഴാണ് പ്രതി ബാഹ്യസഹായങ്ങളൊന്നും ലഭിച്ചില്ലെന്ന മൊഴി ആവർത്തിച്ചത്. പ്രതിയിൽ നിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണെന്നു പൊലീസ് അറിയിച്ചു. 2 ദിവസത്തേക്കാണു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകിട്ടോ നാളെ രാവിലെയോ തിരികെ ഹാജരാക്കും.പോട്ടയിലെ ബാങ്ക് കവർച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസം വിട്ടുതരണമെന്ന കസ്റ്റഡി അപേക്ഷ മജിസ്‌ട്രേട്ട് വി.എസ്.സവിത അനുവദിച്ചില്ല. വ്യാഴാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കവർച്ചയ്ക്കും തുടർന്നുള്ള രക്ഷപ്പെടലിനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പ്രതിയെ പോട്ടയിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുക്കും. ഞായറാഴ്ച രാത്രിയാണ് റിജോയെ പോട്ട ആശാരിപ്പാറയിലെ വീട്ടിൽ നിന്ന് പിടികൂടിയത്.
പ്രതി മുൻപു കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചെങ്കിലും അതു സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിച്ചില്ല. നേരത്തെ മേലൂരിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്. 70 ലക്ഷം രൂപയ്ക്കാണു 10 സെന്റ് സ്ഥലവും വീടും വാങ്ങിയത്. ഇതിൽ 40 ലക്ഷം രൂപ കടം ഉണ്ടായിരുന്നെങ്കിലും കുവൈത്തിൽ നഴ്സായ ഭാര്യയാണ് ഇതിന്റെ മാസ അടവ് നടത്തുന്നത്. 2 ലക്ഷത്തിലേറെ രൂപ മാസ വേതനമുള്ള ഭാര്യ 40,000 രൂപ മാസം തോറും വീട്ടുചെലവിനും അയച്ചു നൽകാറുണ്ട്. എന്നാൽ പ്രതിയുടെ ധൂർത്തു കാരണം കൂടുതൽ കടം കയറി. ഇതു വീട്ടാനാണു കവർച്ച ആസൂത്രണം ചെയ്തതെന്നാണ് റിജോയുടെ മൊഴി.
ജീവനക്കാരുടെ ഫോണുകൾ കസ്റ്റഡിയിൽ കവർച്ച നടന്ന ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ ജീവനക്കാരുടെ ഫോണുകൾ സംഭവം നടന്ന ദിവസം തന്നെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതി അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും അവ തിരികെ നൽകിയില്ല. നടപടികൾ പൂർത്തിയാകാത്തതിനാലാണു തിരികെ നൽകാത്തതെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. പ്രതിക്കു ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചോയെന്ന് ആദ്യം സംശയിച്ച പൊലീസ് അക്കാര്യവും അന്വേഷിച്ചെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ഇതുവരെ ലഭിച്ച വിവരം. എന്നാലും ഈ ഫോണുകളിലേക്ക് എത്തിയ കോളുകളും സന്ദേശങ്ങളും പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്.പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് അതിലേക്ക് എത്തിയ കോളുകളും സന്ദേശങ്ങളും കൂടി വിശദമായി പരിശോധിക്കുന്നു.