ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. രാജീവ് ചന്ദ്രശേഖര്‍ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യനാണ്.
സിപിഎം - ബിജെപി ഒത്തുതീര്‍പ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാര്‍ മറിക്കടക്കുമോയെന്ന വേവലാതിയാണ്. അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ഒന്നര വര്‍ഷത്തോളം കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ആയിരുന്നു. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നു.
ശരിക്കും രണ്ടര വര്‍ഷമാണ് സംഘടനയെ സജീവമാക്കാന്‍ ലഭിച്ചത്. അഞ്ചുവര്‍ഷം അദ്ധ്യക്ഷ സ്ഥാനം പൂര്‍ത്തിയാക്കിയ എല്ലാവരും മാറി. പിന്നെ ഞാന്‍ മാത്രം അവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല. ബിജെപിക്കുള്ളില്‍ നേതൃപദവി ഏറ്റെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതിനാലാണ് അദ്ധ്യക്ഷന്‍ ആരാകുമെന്ന് ചര്‍ച്ചകളുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല.
എല്ലാ സംഘടനകളിലും ഉണ്ടാകുന്നത് പോലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ പാര്‍ട്ടിയിലുമുണ്ട്. അതെല്ലാം പരിഹരിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. എംടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരെല്ലാം അദ്ധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണ്. അത്തരത്തില്‍ നേതൃസ്ഥാനത്തേക്ക് അഞ്ചോ ആറോ നേതാക്കളുടെ പേര് പരിഗണിച്ചിരുന്നു. അതില്‍ നിന്നാണ് അന്തിമ തീരുമാനത്തിലെത്തിയത്. നേതാക്കള്‍ക്ക് ഇനിയും അവസരമുണ്ട്'- അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha