സംസ്ഥാനത്തെ സിപിഎമ്മിന്‍റെ മുഖം; എകെജി സെന്‍റര്‍ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തലസ്ഥാനത്ത് സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്റർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ,കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നിലവിലെ ആസ്ഥാനത്തിനു മുന്നിൽ ‘എകെജി സെന്റർ’ എന്ന ബോർഡ് ഇല്ലെങ്കിലും പുതിയ മന്ദിരത്തിനു മുന്നിൽ മലയാളത്തിലും ഇംഗ്ലിഷിലും പേര് സ്ഥാപിച്ചിട്ടുണ്ട്. പുതിയ മന്ദിരത്തിനു മുന്നിൽ സ്ഥാപിക്കുന്ന എകെജിയുടെ അർധകായ ശിൽപം ഫൈബർ ഗ്ലാസിൽ ഒരുക്കിയത് ശിൽപി ഉണ്ണി കാനായിയാണ്. 32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്.
താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യമാണ്. ഏറ്റവും മുകളിലത്തെ നിലയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും. ഇരിപ്പിടങ്ങളുടെ നിറം ചുവപ്പാണ്. അത്യാധുനികത തുളുമ്പി നിൽക്കുന്നതും എല്ലാ സൗകര്യങ്ങളും ഉള്ളതുമാണ് പാർട്ടി ആസ്ഥാനത്തിന്റെ ഉൾവശം. അതേസമയം, ഹരിതചട്ടം പാലിച്ചാണ് നിർമാണമെന്നും കെട്ടിടത്തിന്റെ 30% സ്ഥലത്തു മാത്രമേ എസി ഒരുക്കിയിട്ടുള്ളൂവെന്നും പാർട്ടി നേതാക്കൾ പറയുന്നു.
പൊതുമേഖലാ സ്ഥാപനമായ റബ്കോയുടെ ഫർണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്. 1977ൽ എ.കെ.ആന്റണി സർക്കാർ എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമിയിൽ നിന്ന് അനുവദിച്ച സ്ഥലത്താണ് നിലവിലെ പാർട്ടി ആസ്ഥാനം. പുതിയ ആസ്ഥാനത്തിനായി 6.5 കോടി രൂപ ചെലവിലാണ് പാർട്ടി സ്ഥലം വാങ്ങിയത്.
https://www.facebook.com/Malayalivartha