ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...

നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ സൂരജ് (40), ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂർ കൂഴൂർ കട്ടക്കയം ബിൻസി (35) എന്നിവരാണു മരിച്ചത്. വഴക്കിനെ തുടർന്ന് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം. പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ സൂരജ് അയച്ചതായി റിപ്പോർട്ടുണ്ട്.
ഇതാണ് ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നിൽ. എന്നാൽ, ദമ്പതികൾ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖിലാണു സംഭവം. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികൾ പബ്ലിക് പ്രോസിക്യൂഷനു മൊഴി നൽകി. പൊലീസ് പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന്, വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. നാട്ടിൽ പഠിക്കുന്ന മക്കളെ അവധിയായതിനാൽ കഴിഞ്ഞ മാസം കുവൈത്തിൽ കൊണ്ടുവന്നിരുന്നു. ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുൻപാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്ട്രേലിയിലേക്കു കുടിയേറാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതായി നാട്ടിലെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം.
ദീര്‍ഘകാല പ്രണയം സഫലമാക്കിയാണ് സൂരജും ബിന്‍സിയും വിവാഹിതരായത്. സൂരജിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള വീട്ടിലെ യുവതിയായിരുന്നു ബിന്‍സി. നഴ്‌സിംഗ് പഠന ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സി സൂരജിനെ പരിചയപ്പെട്ടത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സൂരജിനെ തന്റെ ശമ്പളം കൊണ്ട് ബിന്‍സി ബി എസ് സി നഴ്‌സിംഗ് പഠിപ്പിക്കുകയായിരുന്നു.
വിദേശത്ത് പോകുമ്പോള്‍ സൂരജിനെയും ഒപ്പം കൂട്ടാനായിരുന്നു ഇത്. അതിനിടെ ബിന്‍സിക്ക് കുവൈറ്റില്‍ ഡിഫെന്‍സില്‍ സ്റ്റാഫ് നഴ്‌സായി ജോലി ലഭിച്ചു. തുടര്‍ന്ന് ബി എസ് സി നഴ്‌സിംഗ് പാസ്സായ സൂരജിനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു വിവാഹം കഴിക്കുകയും കുവൈറ്റിലേക്ക് തന്റെ ഒപ്പം കൂട്ടുകയുമായിരുന്നു.
https://www.facebook.com/Malayalivartha