പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിര്‍ത്തിവച്ചു... പാകിസ്ഥാന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനമില്ല

ദേശീയ സുരക്ഷയും പൊതുതാത്പര്യവും പരിഗണിച്ച് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിര്‍ത്തിവച്ചു. പാകിസ്ഥാന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനമില്ല . കത്തും പാഴ്‌സലും അടക്കം നിരോധിച്ചു. ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്ഥാനില്‍ പോകുന്നതും വിലക്കിയിരിക്കുകയാണ്.
ഏതു സാധനസാമഗ്രിയായാലും അതിന്റെ ഉറവിടമോ, അതു കയറ്റി അയയ്ക്കുന്നതോ പാകിസ്ഥാനാണെങ്കില്‍ ഇന്ത്യയില്‍ കൊണ്ടുവരാനാകില്ല. അതു നേരിട്ടായാലും പരോക്ഷമായി മറ്റു രാജ്യങ്ങള്‍ വഴിയായാലും വിലക്ക് ബാധകമായിരിക്കും. ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് പാക് സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഇതോടെ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വാണിജ്യ ബന്ധത്തിന് പൂര്‍ണ വിരാമമിടുകയാണ് ഇന്ത്യ.
ദേശീയ സുരക്ഷയും പൊതുതാത്പര്യവും പരിഗണിച്ചാണ് നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.2019 ലെ പുല്‍വാമ ആക്രമണത്തിനുശേഷം, പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സിമന്റ് എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും 200% തീരുവ ചുമത്തിയെങ്കിലും വാണിജ്യ ബന്ധം വിഛേദിക്കുന്നതരത്തിലുള്ള കടുത്ത നടപടി ഇത് ആദ്യമായിട്ടാണ്.
https://www.facebook.com/Malayalivartha