ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...

വിവാഹപ്പിറ്റേന്ന് വരന്റെ വീട്ടില്‍നിന്ന് വധുവിന്റെ 30 പവന്‍ ആഭരണം മോഷണം പോയതായി പരാതി. പലിയേരിയിലെ കെഎസ്ഇബി മുന്‍ ഓവര്‍സിയര്‍ ചൂരക്കാട്ട് മനോഹരന്റെ വീട്ടിലാണ് സംഭവം. മനോഹരന്റെ മകന്‍ എ.കെ. അര്‍ജുന്റെ ഭാര്യ ആര്‍ച്ച എസ്. സുധി അലമാരയില്‍ സൂക്ഷിച്ച 40 പവനിലധികം ആഭരണങ്ങളില്‍ 30 പവനാണ് കാണാതായത്. അര്‍ജുനും കൊല്ലം തെക്കെവിളയിലെ ആര്‍ച്ചയും മേയ് ഒന്നിനാണ് വിവാഹിതരായത്. അന്ന് രാത്രി ആഭരണങ്ങള്‍ മുഴുവന്‍ പെട്ടികളിലാക്കി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചു. രണ്ടാം തീയതി രാത്രി എട്ടരയോടെ വരന്റെ ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. രണ്ട് പെട്ടികളിലായുണ്ടായിരുന്ന മാല, വള തുടങ്ങിയവയാണ് കാണാതായത്.
വജ്രാഭരണങ്ങളും പണവും രണ്ട് ബാഗുകളിലായുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടില്ല. വീടിന്റെ വാതിലോ അലമാരയോ തകര്‍ത്ത ലക്ഷണമില്ല. അര്‍ജുനും ആര്‍ച്ചയും തിരുവനന്തപുരത്ത് ഐടി ജോലിക്കാരാണ്. കണ്ണൂരില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പോലീസ് നായ വീടിന്റെ ചുറ്റുപാടും കറങ്ങി ഗേറ്റിനു സമീപം പോയി നിന്നു. പയ്യന്നൂര്‍ എസ്‌ഐ മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ യദുകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.
ഇതിനിടെ കോഴിക്കോട് പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തില്‍ യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി. ഇൻസാഫ് എന്ന ആൾക്കാണ് മുറിവേറ്റത്. ചക്കുംകടവ് സ്വദേശി മുബീൻ ആണ് മുറിവേൽപ്പിച്ചത്. ബാർബർ ഷോപ്പിലെ കത്രിക കൊണ്ടായിരുന്നു ആക്രമണം. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്.
മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുബീൻ പ്രശ്നം ഉണ്ടാക്കിയത്. എന്നാല്‍ മദ്യമില്ലെന്ന് പറഞ്ഞ് കല്യാണ വീട്ടില്‍ നിന്ന് ഇയാളെ പറഞ്ഞു വിട്ടു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഇൻസാഫിന്‍റെ മുഖത്ത് ഗുരുതര പരിക്കാണ് പറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha