ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവനും നാലുലക്ഷം രൂപയും വിലകൂടിയ വാച്ചും മോഷ്ടിച്ചു

ശ്രീകാര്യം കരിയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവനും നാലുലക്ഷം രൂപയും വിലകൂടിയ വാച്ചും മോഷ്ടിച്ചതായി പരാതി. കേരള സര്‍വകലാശാല അസി. രജിസ്ട്രാര്‍ ജെ അനില്‍കുമാറിന്റെ കരിയം ശ്രീഭദ്രനഗര്‍ ആഞ്ജനേയം വീട്ടിലാണ് മോഷണം.
കമ്പിപ്പാരയും തടിക്കഷണവും ഉപയോഗിച്ച് വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും കിടപ്പുമുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ട് പൊളിച്ചാണ് മോഷ്ടിച്ചത്. അനില്‍കുമാര്‍ കഴിഞ്ഞ 15ന് മലേഷ്യയില്‍ ടൂര്‍ പോയിരുന്നു. വെള്ളി രാവിലെ 9.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടുപൊളിച്ചനിലയില്‍ കാണപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷണം നടന്നതായി സ്ഥിരീകരിച്ചു. കമ്പിപ്പാരയും തടിക്കഷണവും സമീപത്തെ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് എടുത്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവ മോഷണസ്ഥലത്തുതന്നെ ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിച്ചു. ശ്രീകാര്യം പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha