അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതായിരുന്നു ...!!

കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രത്യക്ഷപ്രകടനമായിരുന്നു. അതിനോട് ചേർത്തുവായിക്കേണ്ടത് തന്നെയാണ് അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരവും.
വസ്ത്രം അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല. അത് ഏത് തരമായാലും, അതിൽ മനുഷ്യർക്ക് സമ്പൂർണാധികാരം ഉണ്ടാവുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. അയ്യങ്കാളിയുടെ കാലത്തും സ്ത്രീകളുടെ വസ്ത്രധാരണം അധികാരവർഗത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. അന്ന് സ്ത്രീകൾ പുരുഷന്മാരെപ്പോലെയാണ് വസ്ത്രം ധരിച്ചിരുന്നത്. അധസ്ഥിതരെന്ന് കരുതപ്പെട്ട ഒരു വിഭാഗത്തിന് അരയ്ക്ക് മുകളിലോട്ട് വസ്ത്രം ധരിക്കാനുള്ള അനുവാദമേയുണ്ടായിരുന്നില്ല. .പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടി രാജാക്കന്മാരും പ്രഭുക്കന്മാരും അക്കാലത്ത് മേൽമുണ്ടോ അരയ്ക്കുമുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നു. ഉയർന്ന ജാതിക്കാർക്ക് മാത്രമേ ഇതിനു അവകാശമുണ്ടായിരുന്നുള്ളൂ ..അരയ്ക്കുമുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു.
വസ്ത്രധാരണസങ്കല്പങ്ങളിൽ സ്ത്രീപുരുഷവ്യത്യാസമില്ലാതിരിക്കുകയുംഎന്നാൽ ജാതിപരമായ ഉച്ചനീചത്വം അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് താഴ്ന്ന ജാതിയിൽ പെട്ടവരെ മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. ഏതു പ്രായത്തിൽപ്പെട്ട സ്ത്രീയാണെങ്കിലും മാറു മറക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. മാറ് മറച്ചാൽ ജാതി തിരിച്ചറിയാൻ കഴിയില്ല എന്നാണു ഇതിനു പറഞ്ഞിരുന്ന ന്യായം .
ജാതി തിരിച്ചറിയാൻ പ്രത്യേകം വേഷഭൂഷാദികൾ നിലനിന്ന ഒരു കാലമുണ്ടായിരുന്നു. പുലയർ തുടങ്ങിയ അധഃസ്ഥിത വിഭാഗത്തിൽപെട്ട സ്ത്രീകൾ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കാൻ നിർബന്ധിതരായിരുന്നു. ജാതീയതയുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിനായിരുന്നു ഈ രീതി.
അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.. ഇതിനെതിരെ ആദ്യം രംഗത്തുവന്ന സാമൂഹ്യ പരിഷ്‌കൃത്താവാണ് അയ്യങ്കാളി . തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മാത്രമല്ല താഴ്ന്ന ജാതിയിൽ പെട്ടവർ കഴുത്തിൽ വലിയ കല്ലുകളുള്ള മാലയും കാതിൽ വലിയ ഇരുമ്പ് വളകളും അണിയണം എന്നും നിയമം ഉണ്ടായിരുന്നു. അടിമത്തത്തിന്റെ അടയാളമായ ഇവ പൊട്ടിച്ചറിയാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി.
അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ സ്തനങ്ങൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് സ്ത്രീകളെ ഭീകരമായി മർദ്ദിച്ചു. ഏറ്റവും ക്രൂരമായ മർദ്ദനങ്ങൾ നടന്നത് കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് . എന്നാൽ, ഏത് മർദ്ദനത്തിനും ഒരു മറുപുറമുണ്ട്, അത് പ്രതികരണവും പ്രതികാരവുമാണ്. അത് ചെറുത്തുനിൽപ്പിന്റെ കൂടി ഭാഷയാണ്. അവർ സവർണ്ണരെ ചെറുത്തു. തിരിച്ചടിക്കാൻ തയ്യാറായി. പലയിടത്തും കലാപവും രക്തച്ചൊരിച്ചിലുമുണ്ടായി.
സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണർക്കെതിരെ പെരിനാട് കലാപവും നടന്നു.
രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് പുലയ സ്ത്രീകളാണ് സമ്മേളനത്തിൽ പങ്കുചേർന്നത്. ജാതീയതയുടെ അടയാളമായ കല്ലുമാലകൾ അവർ പൊട്ടിച്ചെറിയുകയും ചെയ്തു.
സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. മദ്ധ്യതിരുവിതാംകൂറില്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയ ധീരവനിത കൊച്ചുകാളി ആയിരുന്നു.
അയ്യങ്കാളി മുന്നിൽ നിന്ന് നയിച്ച അനേകം സമരങ്ങളിലൊന്ന് മാത്രമാണിത്. ദളിതരുടെ ആദ്യ പള്ളിക്കൂടവും, പഞ്ചമിയെന്ന പെൺകുട്ടിയുടെ കൈപിടിച്ച് അദ്ദേഹം സ്കൂളിലേക്ക് നടത്തിയ യാത്രയും, വില്ലുവണ്ടി സമരവും, കർഷകത്തൊഴിലാളി സമരവും എല്ലാം അതിൽ പെടുന്നു
https://www.facebook.com/Malayalivartha