ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു: പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്ന് ജയരാജന്‍ നല്‍കിയ മറുപടി

ആര്‍.എസ്.എസ്. നേതാവായ മനോജിനെ കൊലപ്പെടുത്താനായി ഒരു ദേഷ്യവും അദ്ദേഹത്തിനോട് ഇല്ലായിരുന്നുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മൊഴി. സി.ബി.ഐ.യുടെ പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്നാണ് ജയരാജന്‍ നല്‍കിയ ഉത്തരം. പ്രത്യേകിച്ച് ഫോണ്‍ കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സി.ബി.ഐ. ജയരാജനെ ചോദ്യം ചെയ്യുന്നത്.
മനോജിനെ കൊലപ്പെടുത്തിയശേഷം മുഖ്യപ്രതി വിക്രമനെ പയ്യന്നൂരിലെത്തിക്കുന്നത് ദേശാഭിമാനി ജീവനക്കാരനായ കൃഷ്ണനാണ്. ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ജയരാജന്റെ ഫോണില്‍ നിന്ന് വിളിക്കുന്നുണ്ട്. ഇക്കാര്യമാണ് സി.ബി.ഐ. അദ്ദേഹത്തോട് ചോദിച്ചത്. ആ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ല, പാര്‍ട്ടി ഓഫീസിലുള്ളവരാണ് ഉപയോഗിക്കുന്നത്. കൃഷ്ണനെ താന്‍ വിളിച്ചിട്ടുമില്ലജയരാജന് മറുപടി നല്‍കി. നിങ്ങള്‍ വിളിച്ചതായി കൃഷ്ണന്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്റെ മൊഴിയുടെ ചുരുക്കം ഇങ്ങനെ: മനോജിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണ്. അദ്ദേഹം ആര്‍.എസ്.എസ്.ആണെന്ന കാര്യം കൊല്ലപ്പട്ടതിന് ശേഷമാണ് അറിയുന്നത്. തന്റെ വീട്ടില്‍ സഹോദരിയുടെ അടുത്ത് മനോജും അവന്റെ സഹോദരിയും ട്യൂഷന് വന്നിട്ടുണ്ട്. മനോജ് കൊല്ലപ്പെട്ടവിവരം അറിയുമ്പോള്‍ താന്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. ആരോവന്നാണ് ഇക്കാര്യം പറയുന്നത്. വിക്രമനെ ചെറുപ്പം മുതലേ അറിയാം. വീടുമാറിയപ്പോള്‍ കുറെക്കാലത്തേക്ക് ബന്ധമുണ്ടായിരുന്നില്ല. പിന്നീട് അവന്‍ മദ്യത്തിനടിമയാണെന്നും സഹായിക്കണമെന്നും അവന്റെ ഭാര്യയും അച്ഛനും വന്ന് പരാതി പറഞ്ഞപ്പോഴാണ് ഇടപെട്ടത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഇടപെടല്‍ മാത്രമാണിത്. ആര്‍.എസ്.എസ്സിന് വര്‍ഗീയലഹളയുണ്ടാക്കി വോട്ടുനേടുകയാണ് ലക്ഷ്യം. ഇതിനെതിരെ മുസ്ലിങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിന്നത്. തലശ്ശേരിയില്‍ പള്ളിക്ക് കാവല്‍ നില്‍ക്കാന്‍ തനിക്കൊപ്പം വിക്രമന്റെ അച്ഛനുമുണ്ടായിരുന്നു.
മനോജ് കൊല്ലപ്പെട്ടദിവസം എന്തിനാണ് ഫോണ്‍ ഓഫ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ യോഗത്തിലായിരുന്നുവെന്നായിരുന്നു മറുപടി. അമ്പതിലേറെ വിളികള്‍ വരുന്ന ഫോണിലേക്ക് അന്ന് അഞ്ച് കോള്‍ മാത്രമാണ് വന്നത്. അതിനുള്ള കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന് മറുപടി പറഞ്ഞു. യോഗം വൈകിട്ട് കഴിഞ്ഞിട്ടും ഫോണ്‍ ഓണ് ചെയ്യാതിരുന്നതിനെക്കുറിച്ചും ഉത്തരമുണ്ടായില്ല. ടി.പി.വധക്കേസിന്റെ അനുഭവമുള്ളതുകൊണ്ടാണോ ഫോണ്‍ ഉപയോഗിക്കാതിരുന്നതെന്നായി സി.ബി.ഐ. അതൊന്നും കൊണ്ടല്ലെന്ന് ജയരാജന് പറഞ്ഞു.
ജയരാജനെ ആക്രമിക്കുന്നതിന് മുമ്പ് ഒരിക്കല്‍ മനോജ് ആക്രമിക്കപ്പെട്ടകാര്യം സി.ബി.ഐ. ഓര്‍മിപ്പിച്ചു. ഇതിനുള്ള പ്രതികാരമായാണോ മനോജ് നിങ്ങളെ ആക്രമിച്ചതെന്നായിരുന്നു അന്വേഷിച്ചത്. അക്കാര്യം ആര്‍.എസ്.എസ്സിനോട് ചോദിക്കണമെന്ന് ജയരാജന്‍ മറുപടി നല്‍കി. ഉച്ചയായപ്പോള് തനിക്ക് വിശ്രമം വേണമെന്ന് അദ്ദേഹം സി.ബി.ഐ.യോട് ആവശ്യപ്പെട്ടു. ഒരുമണിക്ക് നിര്ത്തിയ ചോദ്യംചെയ്യല്‍ നാലുമണിക്കാണ് വീണ്ടും തുടങ്ങിയത്. സി.ബി.ഐ. എസ്.പി.ജോസ് മോഹന്‍, ഡിവൈ.എസ്.പി. ഹരിഓംപ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലിം സാഹിബ് എന്നിവരാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ചയും തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha