ദേശീയ ഹരിത ട്രിബ്യൂണലിനെ വെല്ലുവിളിച്ച് ശ്രീ ശ്രീ രവിശങ്കര്‍, താന്‍ നയാപൈസ അടക്കില്ല, ധൈര്യമുണ്ടെങ്കില്‍ തന്നെ ജയിലിലിടാന്‍ വെല്ലുവിളി

തന്നെ ധൈര്യമുണ്ടെങ്കില്‍ ജയിലിലടയ്ക്കാന്‍ വെല്ലുവിളിച്ച് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ദേശീയ ഹരിത ട്രിബ്യൂണലിനെ (എന്‍.ജി.ടി) വെല്ലുവിളിച്ച് ജീവനകലയുടെ ആചാര്യന്‍ വിശ്വ സാംസ്‌കാരികോല്‍സവവുമായി മുന്നോട്ട് തന്നെയാണ്. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ചടങ്ങ് യമുനാ തീരത്ത് സൃഷ്ടിക്കുന്ന പരിസ്ഥിതി നാശം കണക്കിലെടുത്ത് സംഘാടകര്‍ അഞ്ചുകോടി രൂപ പിഴയെടുക്കണമെന്ന ട്രിബ്യൂണല്‍ നിര്‍ദേശം ശ്രീ ശ്രീ രവിശങ്കര്‍ തള്ളി. മാത്രമല്ല നയാപൈസ പിഴ ഒടുക്കില്ലെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ജീവനകലയുടെ ആചാര്യന്‍ തുറന്നടിച്ചു.
വിശ്വ സാംസ്‌കാരികോല്‍സവത്തിനായി ഏക്കറുകളോളം വിശാലമായ വേദിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് യമുനാ തീരത്ത് വന്‍ പരിസ്ഥിതി ആഘാതമാണു സൃഷ്ടിച്ചതെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ നിലയ്ക്ക് അതു തടയാന്‍ കഴിയില്ലെന്ന നിസഹായാവസ്ഥ പ്രകടിപ്പിച്ചാണ് ചടങ്ങിനു ട്രിബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയത്.
പിഴ അടയ്ക്കില്ലെന്ന രവിശങ്കറിന്റെ നിലപാടും പോലീസിന്റെയും അഗ്‌നിശമന സേനയുടെയും സി.പി.ഡബ്ലുവിന്റെയും അനുമതി ആര്‍ട്ട് ഓഫ് ലിവിങ് തേടിയില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരനായ മനോജ് മിശ്ര ഇന്നലെയും ട്രിബ്യൂണലിനെ സമീപിച്ചു. പിഴ അടയ്ക്കാന്‍ ഇന്നുകൂടി സമയമുണ്ടെന്നും അതുണ്ടായില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
യമുനാതീരം നിരപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ഒരു മരം പോലും വെട്ടിയിട്ടില്ലെന്നുമാണ് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നിലപാട്. യമുനയില്‍ നിന്ന് അഞ്ചു ടണ്ണോളം മാലിന്യങ്ങള്‍ നീക്കംചെയ്‌തെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
അതിനിടെ, സാംസ്‌കാരികോല്‍സവം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ മസ്ദൂര്‍ സമിതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു. പരിപാടിക്ക് ഒരുക്കങ്ങള്‍ തുടങ്ങി നാളേറെയായിട്ടും പതിനൊന്നാം മണിക്കൂറില്‍ ഹര്‍ജി സമര്‍പ്പിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ കോടതി സംശയവും പ്രകടിപ്പിച്ചു. പരാതിക്കാര്‍ക്ക് ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
1,200 അടി നീളവും 200 അടി വീതിയും 40 അടി ഉയരവുമുള്ള കൂറ്റന്‍ സ്‌റ്റേജാണ് ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്. പരിശോധന നടത്താതെയാണ് ഡല്‍ഹി വികസന അഥോറിറ്റി ചടങ്ങിന് അനുമതി നല്‍കിയതെന്നു ചൂണ്ടിക്കാട്ടി അവര്‍ക്കു ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ചുലക്ഷം രൂപ പിഴ വിധിച്ചിരുന്നു.
എന്നാല്‍ മൂന്നു ദിവസം നീളുന്ന വിശ്വ സാംസ്‌കാരികോല്‍സവം ഇന്നു തുടങ്ങാനിരിക്കെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ പരസ്യമായ വെല്ലുവിളി. ഇതേസമയം, വിവാദ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുപ്പത്തിയഞ്ചു ലക്ഷത്തോളം പേര്‍ ചടങ്ങിനെത്തുമെന്നാണ് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ അവകാശവാദം. കൂറ്റന്‍ ചടങ്ങ് സൃഷ്ടിക്കുന്ന പരിസ്ഥിതി നാശം കണക്കിലെടുത്ത് പരിപാടി തുടങ്ങും മുമ്പ് അഞ്ചു കോടി രൂപ പിഴയും പരിസ്ഥിതി നാശത്തിനു പരിഹാരമെന്ന നിലയ്ക്കു വിദഗ്ധസമിതി പിന്നീടു നിശ്ചയിക്കുന്ന തുകയും അടയ്ക്കണമെന്നായിരുന്നു എന്‍.ജി.ടി. മുന്നോട്ടുവച്ച പ്രധാന ഉപാധി. ഈ നിര്‍ദേശങ്ങളാണ് ശ്രീ ശ്രീ രവിശങ്കറും ആര്‍ട്ട് ഓഫ് ലിവിങ്ങും ഇന്നലെ തള്ളിക്കളഞ്ഞത്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ആര്‍ട്ട് ഓഫ് ലിവിങ് കളങ്കരഹിതമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വേദികളില്‍ റിഹേഴ്‌സലുകള്‍ അരങ്ങേറി. തലസ്ഥാന നഗരിയിലെ ഗതാഗതം താളം തെറ്റാതിരിക്കാന്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha