പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍

കെഎസ്ആര്‍ടിസിയില്‍ എഐ ഉപയോഗിച്ച് റൂട്ടുകളിലെ സമയം നിശ്ചയിക്കുന്ന സംവിധാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത്. പുതിയ സംവിധാനത്തിലൂടെ സമയം നിശ്ചയിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഡ്യൂട്ടി നഷ്ടം വരുംവിധം കുറഞ്ഞ യാത്രാസമയം തിരഞ്ഞെടുക്കുന്നുവെന്നാണ് പരാതി. ബസ് വിന്യാസത്തിലെ അപകാത പരിഹരിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഗണേശ് കുമാറിന്റെ വകുപ്പ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്.
പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളില്‍ സ്‌റ്റോപ്പ് കുറച്ചതിന്റെ പേരില്‍ ഡ്യൂട്ടി കുറച്ചതിന്റെ സമാനമാണ് എഐ പരിഷ്‌കാരമെന്നാണ് ഉയരുന്ന ആക്ഷേപം. പുതിയ മോഡല്‍ ടിക്കറ്റ് മെഷിന്‍ ഏര്‍പ്പെടുത്തിയതോടെ ബസുകളുടെ യാത്രാസമയം ഓണ്‍ലൈനില്‍ ലഭിക്കും. ഓരോ റൂട്ടുകളിലെ ബസുകള്‍ ഏത്ര സമയത്തിനുള്ളില്‍ ട്രിപ്പ് പൂര്‍ത്തിയാകുമെന്ന് അറിയാന്‍ സാധിക്കും.
എന്നാല്‍ ദേശീയപാത നിര്‍മ്മാണവും ഗതാഗതക്കുരുക്കും കാരണം ബസുകള്‍ വൈകിയോടുന്നുണ്ട്. ഇക്കാര്യം അവഗണിച്ച് കുറഞ്ഞ സമയം കണക്കാക്കി അതുപ്രകാരം ഡ്യൂട്ടി പുനഃക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചതാണ് പരാതിക്ക് കാരണമാക്കിയത്. ഇപ്പോഴത്തേത് പരീക്ഷണ ഉപയോഗം മാത്രമാണെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.
അതേസമയം, പ്രീമിയം ബസുകളുടെ ഡ്യൂട്ടി കുറച്ചത് പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. സൂപ്പര്‍ ഫാസ്‌ററ് ആരംഭിച്ച സമയത്ത് തിരുവനന്തപുരം എറണാകുളം റൂട്ടില്‍ 11 ഫെയര്‍ സ്‌റ്റേജുകളും അഞ്ചരമണിക്കൂര്‍ സമയവുമാണ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ കാലക്രമേണ സ്‌റ്റോപ്പുകള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും സമയം ദീര്‍ഘിപ്പിച്ചില്ല. ഈ അവസ്ഥ തന്നെയാണ് എല്ലാ റൂട്ടുകളിലും. യാത്രക്കാര്‍ രാത്രിയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തേണ്ടി വരുന്നതും ഗതാഗതതടസവും ലക്ഷ്യ സ്ഥാനത്ത് എത്തേണ്ട സമയം വര്‍ദ്ധിപ്പിക്കുന്നു. ഈ കാരണം കൊണ്ട് ഡ്യൂട്ടിക്കിടയിലെ വിശ്രമസമയം നഷ്ടമാകുന്നതായി ജീവനക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























