ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...

ശബരിമലയിൽ സമൂലമാറ്റത്തിന് തുടക്കം കുറിച്ച് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. "ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റിനിർത്തും, വിശ്വാസം പുലർത്തുന്ന തീർത്ഥാടകർക്ക് ആത്മവിശ്വാസം നൽകുന്ന ദിശയിലാണ് പുതിയ നീക്കങ്ങൾ" — ജയകുമാർ വ്യക്തമാക്കി. ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും എന്നാണ് ജയകുമാറിന്റെ ഉറപ്പ്. തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കാനാണ് ആദ്യ നീക്കം.
“ശബരിമലയെ പലകാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. അതിനു പിന്നിൽ നീണ്ടുനിൽക്കുന്ന താത്പര്യബന്ധങ്ങളുണ്ട്. വരുന്ന ആളുകള്‍ക്ക് ഭംഗിയായി ശബരിമലയിൽ അയ്യപ്പ ദര്‍ശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. സമ്പൂര്‍ണ നവീകരണമാണ് ലക്ഷ്യം. ശബരിമലയിൽ വിശ്വാസമുള്ളവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ നല്ല ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയിൽ പുനക്രമീകരിക്കാൻ ശ്രമിക്കും. മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേൽശാന്തിയെ സഹായിക്കലാണ്. അത് ചെയ്തമാൽ മതിയാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും ചിലതിരുത്തലുകൾ വേണ്ടിവരും. അതിനുള്ള പുതുവഴിയാണ് ദേവസ്വം ബോർഡ് ചെയർമാനായി കെ. ജയകുമാറിനെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം. ദേവസ്വം ബോർഡ് പ്രൊഫഷണലാകണമെന്ന് നിയുക്ത പ്രസിഡന്റ് പറയുന്നു. സ്പെഷ്യൽ കമ്മിഷണർ, ഉന്നതാധികാര സമിതി ചെയർമാൻ തുടങ്ങിയനിലയിൽ ശബരിമലയെ നന്നായി അറിയുന്ന, ഭക്തൻകൂടിയായ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ചില കാര്യങ്ങൾ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
ശബരിമലയിൽ ഇപ്പോൾ ആശങ്കയുടെ കാലമാണ്. എന്തൊക്കെ മാറ്റങ്ങളാണ് മനസ്സിലുള്ളത് എന്ന ചോദ്യത്തിന് ചുമതലയേറ്റിട്ടില്ലാത്തതിനാൽ പൊതുകാര്യങ്ങൾ മാത്രമേ ഇപ്പോൾ പറയാനാകൂ. ഞാനങ്ങോട്ടുചെന്ന് വെട്ടാക്കുളം വെട്ടും എന്നൊന്നും പറയാനില്ല. കൈയെത്തുംദൂരത്തുള്ള തീർഥാടനം കുറ്റമറ്റതാക്കുന്നതിലാണ് ആദ്യശ്രദ്ധ. ഭക്തർക്ക് എല്ലാസൗകര്യങ്ങളും നൽകി, തീർഥാടകകേന്ദ്രിതമായ തീർഥാടനക്കാലം. അതാണ് ലക്ഷ്യം. ദേവസ്വം ബോർഡ് എന്ന ഉപകരണത്തിലൂടെമാത്രമേ എല്ലാം ചെയ്യാനാകൂ. ആ ഉപകരണത്തെ ഭംഗിയാക്കി, ജീവനക്കാർക്ക് പരിശീലനം നൽകി, വിശാലകാഴ്ചപ്പാടിൽ ബോർഡിനെ പ്രൊഫഷണലാക്കണം.
പരിശീലനം, ഓഡിറ്റ്-അക്കൗണ്ടബിലിറ്റി, അതിനുവേണ്ട മാർഗനിർദേശങ്ങൾ, സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ആർക്കും തകർക്കാനാവാത്തവിധം സ്ഥാപനത്തെ ആധുനികമാക്കുകയെന്നതാണ് വെല്ലുവിളിയായി ഏറ്റെടുക്കേണ്ടത്. അഴിമതി നടത്തണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽപ്പോലും നടക്കാത്ത സംവിധാനമുണ്ടാകണം. നിങ്ങളുടെ പൈസ, നിങ്ങളുടെ സ്വർണം എല്ലാം സൂപ്പർ സേഫ് എന്ന് ഭക്തരോട് പറയാൻ സാധിക്കണം. അതാണ് അന്തിമസന്ദേശം.
https://www.facebook.com/Malayalivartha


























