പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു

അയ്യപ്പന്‍ അങ്ങനെ ആരേയും വിടില്ലെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. യുവതീ പ്രവേശനത്തില്‍ കളിച്ചവര്‍ ഒന്നൊന്നായി വെട്ടിലായിരിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം അതിനിര്‍ണായകമായ നടപടിയിലേക്കു കടന്നിരിക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി 2019ലെ രേഖകളില്‍ ചെമ്പായി മാറിയത് എൻ. വാസു ദേവസ്വം കമ്മിഷണര്‍ ആയിരുന്ന കാലത്താണ്. വാസു നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 'ചെമ്പു പാളികള്‍' സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഉദ്യോഗസ്ഥര്‍ തയാറാക്കി നല്‍കിയ കത്തില്‍ താന്‍ ഒപ്പിട്ടു നല്‍കുക മാത്രമാണ് ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നുമാണ് വാസു അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ ഇതു മുഖവിലയ്ക്ക് എടുക്കാന്‍ എസ്‌ഐടി തയാറായില്ല.
എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്ന സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16ന് നല്‍കിയ കത്തില്‍ ചെമ്പു പാളികള്‍ (മുന്‍പ് സ്വര്‍ണം പൂശിയത്) എന്നാണുണ്ടായിരുന്നത്. എന്നാല്‍ വാസുവിന്റെ ഓഫിസില്‍നിന്നുള്ള തുടര്‍ ശുപാര്‍ശയില്‍ സ്വര്‍ണം പൂശിയത് എന്ന ഭാഗം ഒഴിവാക്കപ്പെടുകയായിരുന്നു. അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാര്‍, ബൈജു എന്നിവര്‍ നല്‍കിയ മൊഴികളും വാസുവിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.
സിപിഎമ്മിന് ഏറെ വേണ്ടപ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറസ്റ്റിലായതോടെ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാകും. അറസ്റ്റിലായവരുടെ എല്ലാം മൊഴികള്‍ എതിരായതോടെയാണ് എസ്‌ഐടി എന്‍.വാസുവിന്റെ അറസ്റ്റിലേക്കു നീങ്ങിയത്. 2018-19 കാലഘട്ടത്തില്‍ ശബരിമലയില്‍ യുവതീപ്രവേശ വിവാദം നടക്കുമ്പോള്‍ വാസു ആയിരുന്നു ദേവസ്വം കമ്മിഷണര്‍. യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പു ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത് അഭിഭാഷകന്‍ കൂടിയായ വാസുവിനെ ആയിരുന്നു. എ.പത്മകുമാര്‍ ദേവസ്വം പ്രസിഡന്റ് ആയിരുന്നെങ്കിലും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് വാസുവാണ്. അതുകൊണ്ടുതന്നെ വാസുവിന്റെ അറസ്റ്റിലേക്കു വരെ കാര്യങ്ങള്‍ എത്തിയതില്‍ മറുപടി പറയാന്‍ സിപിഎം നിര്‍ബന്ധിതരാകും.
കൊല്ലം പൂവറ്റൂര്‍ സ്വദേശിയാണ് എന്‍.വാസു. 27-ാം വയസ്സില്‍ സിപിഎമ്മിന്റെ, കുളക്കട പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസുവിന്റെ സ്ഥാനലബ്ധികള്‍ക്കു പിന്നില്‍ പാര്‍ട്ടിയോടുള്ള കൂറായിരുന്നു. പിന്നീട് വിജിലന്‍സ് ട്രൈബ്യൂണൽ ജഡ്ജിയായും 2006-2011 കാലത്ത് മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. . തുടര്‍ന്നാണ് ദേവസ്വം കമ്മിഷണറായി നിയമനം നല്‍കിയത്. ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി നിര്‍ദേശം പോലും കാറ്റില്‍പറത്തിയായിരുന്നു വാസുവിന്റെ നിയമനം.
അര്‍ധ ജുഡീഷ്യല്‍ പദവിയിലുള്ള ആളെന്ന നിലയിലാണ് 2010ല്‍ ആണ് ഇടതുസര്‍ക്കാര്‍ വാസുവിനെ ദേവസ്വം കമ്മിഷണര്‍ ആയി നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു വാസുവിനെ കമ്മിഷണര്‍ തസ്തികയിലേക്കു പരിഗണിച്ചത്. രണ്ടു തവണ ദേവസ്വം കമ്മിഷണര്‍ ആയിരുന്ന വാസു ശക്തമായ പാര്‍ട്ടി പിന്തുണയോടെയാണ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. കമ്മിഷണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങി ഏഴു മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു തിരിച്ചെത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു.
അതേസമയം ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് മറുപടിയില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുo ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്. 2019 മാർച്ച് 18നാണ് വാസു കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. 409 ഗ്രാം സ്വർണമാണ് കട്ടിളപ്പാളികളിൽ നിന്ന് വേർതിരിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈ ബൈജുവിനെ റിമാൻഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെഎസ് ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡി. സുധീഷ് കുമാർ 12ാം തീയതി വരെ എസ്ഐടി കസ്റ്റഡിയിലാണുള്ളത്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വo സ്മിത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയില്ല. തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ദേവസ്വം മന്ത്രിയുടെയും ബോര്‍ഡിന്‍റെയും രാജി ആവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തും. ദേവസ്വം മുന്‍ കമ്മീഷണര്‍ വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും അന്വേഷണം ശക്തമാക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ കാലാവധി നീട്ടില്ല. പ്രസിഡന്‍റായ പിഎസ് പ്രശാന്തിന്‍റെയും അംഗം അജികുമാറിന്‍റെയും കാലാവധി ആറ് മാസം നീട്ടാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ശബരിമല മണ്ഡല മകരവിളക്ക് നടത്തിപ്പിന് മുന്‍പരിചയമുള്ള പ്രസിഡന്‍റും അംഗങ്ങളും ഉണ്ടാകുന്നതാണ് ഉചിതമെന്ന് കണ്ടാണ് ഈ ആലോചന നടത്തിയത്. നിലവിലെ ഭരണസമിതിയോട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് എതിരഭിപ്രായവുമില്ലായിരുന്നു.
എന്നാൽ കാലാവധി നീട്ടാനുള്ള ഫയൽ ദേവസ്വം വകുപ്പ് നീക്കിയപ്പോള്‍ നിയമ വകുപ്പ് സംശയം ഉന്നയിച്ചു. കാലാവധി നീട്ടാനുള്ള ഓര്‍ഡിനൻസിൽ സ്വര്‍ണ്ണപ്പാളി മോഷണകേസും കോടതി പരാമര്‍ശങ്ങളും എല്ലാം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഉടക്കിട്ടാൽ വിവാദമാകും. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടം നൽകേണ്ടതില്ലെന്ന് കണ്ടാണ് കാലാവധി നീട്ടാനുള്ള നീക്കം ഉപേക്ഷിച്ചത്. പകരം ഹരിപ്പാട് മുൻ എംഎൽഎയും ആലപ്പുഴയിൽ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ടികെ ദേവകുമാറിനെ ബോര്‍ഡ് പ്രസിഡന്‍റാക്കുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനായിരുന്നു യോഗം.
തദ്ദേശത്ത് അങ്കം കുറിച്ചു. ഇനി അറിയേണ്ടത് ആയുധങ്ങൾ ഏതൊക്കെ എന്നാണ്. ശബരിമല സ്വർണക്കവർച്ച മുതൽ വികസനം വരെയുള്ള ആയുധ ശേഖരമാണ് മുന്നണികളുടെ കളരികളിൽ ഒരുങ്ങുന്നത്. കാലങ്ങളായി തദ്ദേശ തിരഞ്ഞെടുപ്പ് മോഡൽ പരീക്ഷയാണ്. തദ്ദേശത്ത് മോഡൽ എഴുതിക്കഴിഞ്ഞാൽ പിന്നെ നിയമസഭയിലേക്ക് സ്റ്റഡി ലീവിന്റെ ദൂരം മാത്രം. അതായത് തദ്ദേശതിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള്‍ മായും മുന്‍പു തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു സംസ്ഥാനം കടക്കുമെന്നതിനാല്‍ പ്രചാരണച്ചൂട് ഒട്ടുംകുറയാതെ നിലനിര്‍ത്തുകയെന്ന കടുത്ത സമ്മര്‍ദവും മുന്നണികള്‍ക്കു മുന്നിലുണ്ട്.
ഡിസംബര്‍ പകുതിയോടെ തദ്ദേശതിരഞ്ഞെടുപ്പ് അവസാനിക്കുമെങ്കിലും ഏതാണ്ട് മൂന്നു മാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വേണ്ടിവരും. അതുകൊണ്ടു തന്നെ പ്രമുഖരെ തന്നെ കളത്തിലിറക്കിയാണ് തദ്ദേശതിരഞ്ഞെടുപ്പിനെയും മുന്നണികള്‍ നേരിടുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കപ്പുറം സംസ്ഥാനതല വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും പാര്‍ട്ടികള്‍ വോട്ടര്‍മാരെ നേരിടുക എന്നതും ഉറപ്പായി. മുന്നണികൾ പുറത്തിറക്കാൻ സാധ്യതയുള്ള ആയുധങ്ങൾ എന്തൊക്കെ ? പരിശോധിച്ചാലോ.
ഭരണവിരുദ്ധ വികാരം മുതലെടുത്ത് നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആരോഗ്യമേഖലയിലെ കടുത്ത പ്രതിസന്ധികള്‍, ശബരിമല സ്വര്‍ണക്കവര്‍ച്ച, ആശാ, അങ്കണവാടി വര്‍ക്കര്‍മാരോടു കാട്ടിയ അവഗണന എന്നിവ ചൂണ്ടിക്കാട്ടും. മികച്ച മുന്നൊരുക്കമാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ പ്രചാരണരംഗത്ത് മുന്‍തൂക്കം. പാര്‍ട്ടി ചിട്ടയായി പ്രതീക്ഷയോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായതു നേട്ടം. ആരോഗ്യരംഗത്ത് കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വീഴ്ചകള്‍ താഴേത്തട്ടിലുള്ള ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമായതിനാല്‍ ശക്തമായ പ്രചാരണ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ആശാ വര്‍ക്കര്‍മാര്‍ ഉയത്തിയ പ്രശ്‌നങ്ങളോടു സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടുകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി വിശ്വാസി സമൂഹത്തിനിടയില്‍ വിഷയം സജീവമായി നിലനിര്‍ത്താനുള്ള നീക്കമാണ് യുഡിഎഫ് ക്യാംപിലുള്ളത്.
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനമികവും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടും. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍, മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍, ക്ഷേമപ്രഖ്യാപനങ്ങള്‍ എന്നിവയാവും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുക. തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതു താഴേത്തട്ടില്‍ ഏതു രീതിയില്‍ പ്രതിഫലിക്കും എന്നതാണ് ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും മുന്നിലുള്ള കടുത്ത വെല്ലുവിളി. 2020 ൽ തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ചുവടുപിടിച്ചാണ് എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ എത്തിയത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതോടെ മധ്യകേരളത്തില്‍ നേടാന്‍ കഴിഞ്ഞ മുന്നേറ്റവും കരുത്തായാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.
വികസിത കേരളമെന്ന ബദല്‍ രാഷ്ട്രീയപരിപാടി ഉയര്‍ത്തിക്കാട്ടി ഇരുമുന്നണികളുടെയും കുത്തക തകര്‍ക്കാമെന്നാണ് ബിജെപിയുടെ നീക്കം. ഘട്ടംഘട്ടമായി തദ്ദേശതലത്തില്‍ പിടിമുറുക്കാനുറച്ച് എന്‍ഡിഎ വികസികകേരളം എന്ന മുദ്രാവാക്യം മുന്നോട്ടു വയ്ക്കും. വര്‍ഷങ്ങളായി ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും യാതൊരു നേട്ടവും സംസ്ഥാനത്തിന് ഉണ്ടായിട്ടില്ലെന്ന വാദം ഉയര്‍ത്തി പതിവ് രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം ബദല്‍രാഷ്ട്രീയ സമവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇടത്തരം, മധ്യവര്‍ഗ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ ഗുണഭോക്താക്കളിലേക്ക് നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തി വോട്ടുറപ്പിക്കാനാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന യാത്രകളില്‍ നേതൃത്വം ശ്രദ്ധയൂന്നുന്നത്.
https://www.facebook.com/Malayalivartha

























