രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ 21 പുള്ളിമാനുകളിൽ പത്തും ചത്തു; പേടിച്ച് ഹൃദയാഘാതം മൂലമെന്ന് വിശദീകരണം

രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ 10 പുള്ളിമാനുകൾ ചത്തു. ഒരെണ്ണം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തതാണെന്നും ബാക്കിയുള്ളവ പേടിച്ച് ഹൃദയാഘാതം മൂലമാണ് ചത്തത് എന്നുമാണ് പാർക്ക് അധികൃതരുടെ വിശദീകരണം. ചൊവ്വാഴ്ച രാവിലെയാണ് മാനുകളെ ചത്തനിലയിൽ കണ്ടത്. തലേന്ന് രാത്രി നായക്കൂട്ടം ഇവയുടെ ആവാസകേന്ദ്രത്തിൽ കടന്നുകയറിയെന്നാണ് സംശയം. 21 പുള്ളിമാനുകളാണ് പാർക്കിൽ മൊത്തമുണ്ടായിരുന്നത്. നഗരത്തിലെ പഴയ മൃഗശാലയിൽനിന്ന് കൊണ്ടുവന്നവയാണിവയെല്ലാം.
ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം തുടങ്ങി. വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി.മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നാലു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദേശം.
സംഭവത്തിൽ ജീവനക്കാരുടെ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം മാനുകളെ ക്രാളുകളിലേക്ക് തിരിച്ചു കയറ്റുകയാണ് പതിവ്. എന്നാൽ തിങ്കളാഴ്ച രാത്രി മാനുകളെ തിരിച്ചു കയറ്റിയിരുന്നില്ല. മാനുകൾക്ക് ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജു പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ തെരുവുനായ്‌ക്കളുെട സാന്നിധ്യം ഉണ്ട്. മാനുകളുടെ ആവാസയിടത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് തെരുവുനായ്ക്കളെ പിടികൂടി. കഴിഞ്ഞ ദിവസം ഒരു കേഴമാനിനേയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് ചൊവ്വാഴ്ച പാർക്കിലെത്തിയ മാധ്യമ പ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു.
പ്രവേശന കവാടത്തിലെ ഗേറ്റുകളും പ്രധാന റോഡ് തീരുന്നിടത്തെ മതിലുകളും നായ്‌ക്കൾക്ക് അനായാസം അകത്തേക്കു കടക്കാൻ പറ്റുന്ന തരത്തിലുള്ളതാണ്. കുന്നുകളും ചെരിവുകളും ഉള്ള ഇടത്തിലാണ് പാർക്ക് എന്നതിനാൽ മഴവെള്ളം ഒലിച്ചുപോകാനായി ചുറ്റുമതിലിൽ വലിയ ദ്വാരങ്ങളിട്ടിട്ടുണ്ട്. ഇതിലൂടെയും നായ്‌ക്കൾക്ക് അകത്തു കടക്കാനാകും. ഉദ്ഘാടന ദിവസങ്ങളിൽ തുറന്നുകിടന്നിരുന്ന വഴിയിലൂടെയാകാം നായ്‌ക്കൾ എത്തിയതെന്ന് സംശയിക്കുന്നതായി പാർക്ക് അധികൃതർ പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി ഏർപ്പെടുത്താതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത് എന്ന് നേരത്തെത്തന്നെ ആരോപണം ഉയർന്നതാണ്. സെൻട്രൽ സൂ അതോറിറ്റി, സുവോളജിക്കൽ പാർക്കിന് നൽകിയ താൽക്കാലിക പെർമിറ്റിന്റെ കാലാവധി 2024 മേയ് 20ന് കഴിഞ്ഞതാണെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിൽ പറയുന്നത്. സ്ഥിരം പെർമിറ്റിനായി നടപ്പാക്കേണ്ടതായി 26 കാര്യങ്ങളാണ് നിർദേശിക്കപ്പെട്ടിരുന്നത്. ഇതിൽ പലതും നടപ്പാക്കാത്തതിനാൽ പെർമിറ്റ് ലഭിച്ചിട്ടില്ല. പാർക്കിൽ നടപ്പാക്കേണ്ട സുരക്ഷാ ഓഡിറ്റിങ്ങും നടന്നിട്ടില്ല. ഇതിനകത്തെ കെട്ടിടങ്ങൾക്ക് സെൻട്രൽ മരാമത്ത് വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കിട്ടിയിട്ടില്ല. വിദ്യാർഥികൾക്ക് ഇപ്പോൾ പാർക്കിൽ സന്ദർശനത്തിന് അനുമതി ഉണ്ട്. അവർക്കുള്ള സുരക്ഷയിലും വ്യക്തതയില്ല.
https://www.facebook.com/Malayalivartha























