ശബരിമല സ്വർണക്കൊള്ള അടുത്തത് പത്മകുമാറോ? ഹാജരാകാൻ സാവകാശം തേടി; അഴിമതി നിരോധനവകുപ്പ് ചേര്‍ത്തു

ശബരിമല സ്വർണക്കൊള്ളയിൽ അടുത്ത അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിലേക്ക്. സ്വർണം പൊതിഞ്ഞ കട്ടിളപാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതും വാസുവിന്റെ നേതൃത്വത്തിലാണെന്ന് അന്വേഷണം സംഘം കോടതിയെ അറിയിച്ചിരുന്നു. ഈ സമയത്ത് പ്രസിഡൻ്റ് ആയിരുന്നത് എ പത്മകുമാർ ആയിരുന്നു.
പത്മകുമാറിനോട് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. നേരത്തെ ഒരു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും പത്മകുമാർ ഹാജരായിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. അടുത്ത ബന്ധു മരിച്ച സാഹചര്യത്തിലാണ് അദ്ദേഹം പുതിയ ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുന്നത്. അടുത്ത രണ്ടുദിവസത്തേക്ക് പത്മകുമാറിനെ ചോദ്യം ചെയ്യില്ലെന്നാണ് വിവരം. പത്തനംതിട്ട ക്രൈംബ്രാഞ്ചിന്റെ ഏതെങ്കിലും കേന്ദ്രത്തിലായിരിക്കും പത്മകുമാറിനെ ചോദ്യം ചെയ്യുക.
രണ്ടാഴ്ച മുമ്പ് നല്‍കിയ നോട്ടീസില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ അറസ്റ്റ് ചെയ്യാന്‍ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കമ്മിഷണര്‍ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകള്‍ പത്മകുമാര്‍ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ്ണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതും. കൂടാതെ വാസുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ പത്മകുമാറിനെതിരെ മൊഴി ലഭിക്കുമോ എന്നതും നിർണായകമായിരിക്കും.
കേസിൽ അറസ്റ്റുചെയ്ത മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് എസ്ഐടിയുടെ നീക്കം. എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താൻ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് തെളിഞ്ഞതോടെ നിയമോപദേശം തേടിയിരിക്കുകയാണ്. ഈ വകുപ്പ് ചുമത്തിക്കഴിഞ്ഞാൽ പിന്നീട് കേസ് പരിഗണിക്കേണ്ടത് വിജിലൻസ് കോടതിയാണ്. അതിനാൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റുന്നതിനുളള അപേക്ഷയും അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























