ചരിത്രത്തിലാദ്യമായി പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ‘ബൗൺസേഴ്സിനെ’ നിയോഗിച്ചു

ചരിത്രത്തിലാദ്യമായി പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ‘ബൗൺസേഴ്സിനെ’ നിയോഗിച്ചു. ക്ഷേത്രത്തിൽ മൂന്നുദിവസമായി ഇവരുടെ സാന്നിധ്യമുണ്ട്. തിരക്കേറിയ ശനിയാഴ്ച 15 ബൗൺസേഴ്സാണ് ഉണ്ടായിരുന്നത്. കറുത്ത പാന്റ്സും ബനിയനും ധരിച്ച് കഴുത്തിൽ കാവി ഷാളും ഇട്ടാണ് ബൗൺസർമാർ ഭക്തരെ നിയന്ത്രിച്ചത്
.
ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി എഴുന്നള്ളിപ്പ് സമയത്ത് പത്തോളം പേർ ആനകളുടെ സമീപമായി മറ്റാരെയും അടുപ്പിക്കാത്തവിധം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശനിയാഴ്ച അഭൂതപൂർവമായ ഭക്തജനത്തിരക്കാണുണ്ടായത്. ദേവസ്വം അനുമതിയോടെയാണ് ബൗൺസേഴ്സിനെ വെച്ചത്. ആളുകൾ ആനയുടെ കൊമ്പിൽ വരെ മുട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു.
പോലീസിന്റെ സാന്നിധ്യം തീരെ ഇല്ലാതെ വന്നപ്പോഴാണ് തിരക്ക് നിയന്ത്രിക്കാനായി ബൗൺസേഴ്സിനെ വെച്ചതെന്ന് ദേവസ്വം അധികൃതർ . ഒരാൾക്ക് 1500 രൂപ നിരക്കിൽ നൽകിയാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. രാത്രി ഏഴുമുതൽ രണ്ടു വരെയായിട്ടാണ് ഇവക്ക് ഡ്യൂട്ടി.
അതേസമയം മുൻ വർഷങ്ങളിലൊക്കെ ഉത്സവദിവസങ്ങളിലെല്ലാം വനിതാ പോലീസ് ഉൾപ്പെടെ ആവശ്യത്തിന് പോലീസ് ഉണ്ടാകുമായിരുന്നു. തിങ്കളാഴ്ച രാത്രിയിലും ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കായിരുന്നു.
"
https://www.facebook.com/Malayalivartha

























