പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രികയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ പ്രകടനപത്രിക അഭിമാനത്തോടെ അവതരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് യു.ഡി.എഫ് പ്രകടന പത്രിക അവതരിപ്പിക്കുന്നത്. അധികാരവികേന്ദ്രീകരണം വന്ന ശേഷമുള്ള നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്തിയ ശേഷമാണ് അധികാര വികേന്ദ്രീകരണം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ കേരളത്തില്‍ നടപ്പാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. നടപ്പാക്കാന്‍ പറ്റാത്ത ഒരു പ്രഖ്യാപനങ്ങളും ഈ പ്രകടന പത്രികയില്‍ ഇല്ല. നടപ്പാക്കാന്‍ സാധിക്കുമെന്ന് പൂര്‍ണമായും ബോധ്യമുള്ള പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്.
പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന, എല്‍ ഡി എഫ് സര്‍ക്കാര്‍ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി 'ആശ്രയ 2.0' ആരംഭിക്കും.
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനും, ലഘൂകരിക്കാനും പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.
കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍ പോലുള്ള മെച്ചപ്പെട്ട കാന്റീനുകള്‍ ആരംഭിക്കും.
ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും.
100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും.
എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും എല്ലാ നഗരങ്ങളിലും ബയോഗ്യാസ് പ്ലാന്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും.
തെരുവ് നായ പ്രശ്‌നങ്ങളില്‍ നിന്നും ശാശ്വത പരിഹാരം. മാംസ മാലിന്യ നിര്‍മ്മാജനത്തോടൊപ്പം എബിസി കര്‍ശനമായി നടപ്പിലാക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കും.
വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും, വാക്സിനേഷന്‍ ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) യൂണിറ്റ് സ്ഥാപിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ഡോഗ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. റാബീസ് പിടിപെട്ട് തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യും.
പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും. അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ എന്നിവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ശുചീകരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കും. അങ്കണവാടികള്‍ ആധുനികവല്‍ക്കരിക്കും. ജീവനക്കാര്‍ക്ക് അധിക ആനുകൂല്യം നല്‍കും.വന്യജീവികളില്‍ നിന്ന് സംരക്ഷണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ്.
എല്ലാവര്‍ക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പുവരുത്തും.കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ പുതിയ ലാബുകള്‍ ആരംഭിക്കുകയും സ്‌കൂള്‍, കോളേജ് ലാബുകളും ഉപയോഗപ്പെടുത്തുകയും ചെയ്യും. പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലയ്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കും. കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും, അവ എല്ലാ ഓടകളും കനാലുകളുമായും പമ്പിംഗ് യൂണിറ്റുകളുമായും ബന്ധിപ്പിക്കും. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ മഴവെള്ള സംഭരണികള്‍ ആരംഭിക്കുതിനു നടപടികള്‍ സ്വീകരിക്കും.
നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി. ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും.
വെള്ളക്കെട്ടുകള്‍, പ്രളയം എന്നിവ തടയാന്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പ്രതിമാസ മാലിന്യം നീക്കല്‍, കനാല്‍ ശുചീകരണം, പരിപാലനം എന്നിവ ഉറപ്പാക്കും.
എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കും. ഭവന പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുതിനുള്ള അപ്രായോഗിക മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും. ഗ്രാമസഭകള്‍ വഴി അപേക്ഷ സ്വീകരിച്ച് ഗുണഭോക്താക്കളെ പ്രാദേശികമായി കണ്ടെത്തും.
വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് രേഖകളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് പ്രത്യേക കാമ്പയിന്‍ നടത്തും.തൊഴിലുറപ്പ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മ്മാണം എന്നിവ കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കും.
https://www.facebook.com/Malayalivartha

























