ഗവ. സൈബർപാർക്കില്‍ എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...

എച്ച്ഐവി/എയ്ഡ്‌സിനെക്കുറിച്ച് ബോധവത്കരണവും ശരിയായ വിവരങ്ങളും സമൂഹത്തിന് നല്‍കുന്നതിന്റെ ഭാഗമായി ഗവ. സൈബര്‍ പാര്‍ക്കില്‍ എയ്ഡ്സ് ദിന പരിപാടി സംഘടിപ്പിച്ചു. ഗവ. സൈബര്‍ പാര്‍ക്കിലെ ലിമെൻസി ടെക്നോളജീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
എച് ഐ വി രോഗത്തിന്റെ തുടക്കം മുതലുള്ള രോഗനിർണയം, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, എച്ച്ഐവി/എയ്ഡ്‌സിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍, സാമൂഹികമായ ദുഷ്പേര് ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി വിഷങ്ങളിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ലിമെൻസി ടെക്നോളജീസ് എയ്ഡ്സ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.
സമൂഹം നേരിടുന്ന ഇത്തരം വിപത്തുകളെക്കുറിച്ച് പൊതുജനങ്ങളില്‍ വിശിഷ്യാ യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വകാര്യ മേഖല കാണിക്കുന്ന താത്പര്യം മാതൃകാപരമാണെന്ന് സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു. എച് ഐവി പോലുള്ള മഹാവിപത്തിനെതിരെ നിരന്തരമായ ബോധവത്കരണമാണ് മികച്ച പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ രോഗാവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുന്നതിനൊപ്പം സഹാനുഭൂതിയുള്ളതും ഉത്തരവാദിത്തപൂര്‍ണവുമായ സമൂഹം വളർത്തിയെടുക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ലിമെൻസി ടെക്നോളജീസ് എംഡിയും സിഇഒയുമായ വിപിന്‍ ആനന്ദ് വി പി പറഞ്ഞു. അന്തസ്സുയര്‍ത്തിപ്പിടിക്കാനും തുല്യനീതി ലഭിക്കാനും പൂര്‍ണമായും ശരിയായ വിവരങ്ങളുടെ ലഭ്യതയ്ക്കായും നിലകൊള്ളാനാണ് ഈ പരിപാടി ആഹ്വാനം ചെയ്തത്.
ഗവ. സൈബർപാർക്കിലെ വിവിധ കമ്പനികളില്‍ നിന്നായി നിരവധി ജീവനക്കാർ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തു. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനി ജീവനക്കാര്‍ക്ക് ലിമെന്‍സി ടെക്നോളജീസിലെ വോളണ്ടിയര്‍മാര്‍ ബാഡ്ജ് നല്‍കി. കമ്പനി ഡയറക്ടര്‍ സുവിത് കെ ആദ്യ ബാഡ്ജ് കൈമാറി.
https://www.facebook.com/Malayalivartha
























