ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

വൈരാഗ്യത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ എടത്വയില്‍ ഓട്ടോ ഡ്രൈവറായ അനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് കോടതി 3 ജഡ്ജി എസ്. ഭാരതി വിധി പ്രഖ്യാപിച്ചത്.
തലവടി സ്വദേശികളായ അമല്‍ (21), കെവിന്‍ (19) എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നാം പ്രതി അമലിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി കെവിനും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കെട്ടിവയ്ക്കുന്നില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക കൊല്ലപ്പെട്ട അനില്‍കുമാറിന്റെ ഭാര്യ സന്ധ്യക്ക് നല്‍കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
സംഭവം നടന്നത് 2019 ജനുവരി 14 രാത്രി 12.30 ഓടെയാണ്. രണ്ടാം പ്രതിയായ കെവിന്റെ സഹോദരിയെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മടങ്ങിവരവേ എടത്വായ്ക്ക് വരുന്ന വഴിയില്‍ ഇറക്കിവിട്ടതിലുള്ള വിരോധമാണ് ഈ ക്രൂരമായ കൊലപാതകത്തിന് കാരണം. പ്രതികള്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി, ഭാര്യ സന്ധ്യയുടെ മുന്നില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഒന്നാം പ്രതി അമല്‍ കൈവശം കരുതിയ മൂര്‍ച്ചയേറിയ കത്തികൊണ്ട് അനില്‍കുമാറിന്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഈ സമയം രണ്ടാം പ്രതി കെവിന്‍ അനില്‍കുമാറിനെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ സന്ധ്യയെയും പ്രതികള്‍ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ അനില്‍കുമാറിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























