ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകി ദേശീയപാത അതോറിറ്റി

ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത അതോറിറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകി. കളക്ടറുടെ നിർദേശപ്രകാരമാണ് ദേശീയപാത അതോറിറ്റി ധനസഹായം നൽകിയത്.
തുക നൽകുന്നതിൽ ദേശീയപാത വിഭാഗം കാലതാമസം വരുത്തിയതായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. ബിജുവിന്റെ മകൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്.
ബിജുവിന്റെ മരണത്തിൽ സർക്കാർ ധനസഹായം നൽകുന്നതിൽ നിയമപരമായ തടസങ്ങളുണ്ടെന്നും വ്യക്തമാക്കി കളക്ടർ . മനുഷ്യനിർമിത ദുരന്തമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ദുരന്തനിവാരണ നിയമപ്രകാരം തുക നൽകാനാവില്ല. അത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.
ഒക്ടോബറിലാണ് അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിൽ ബിജുവും ഭാര്യ സന്ധ്യയും അപകടത്തിൽപ്പെട്ടത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലിൽ ഇരുവരും പെട്ടെങ്കിലും മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ സന്ധ്യയെ പുറത്തെടുക്കുകയും ചെയ്തു. കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏഴുണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാനായത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണലാണ് അന്ന് സന്ധ്യയുടെ ചികിത്സാ ചെലവ് വഹിച്ചത്.
"
https://www.facebook.com/Malayalivartha



























