കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി

പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ മാത്രമല്ല തെലങ്കാനയിലെ സ്കൂളുകൾക്ക് അവധി. തെലങ്കാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് 2026 ജനുവരി അഞ്ചിന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും പൊങ്കൽ അവധി ജനുവരി 16വരെ നീട്ടി. നേരത്തെ ജനുവരി 10 മുതൽ ജനുവരി 15 വരെയായിരുന്നു പൊങ്കൽ അവധി നിശ്ചയിച്ചിരുന്നത്.പൊതുഭരണ വകുപ്പ് ജനുവരി 2026 പതിനാറിന് ഒരു ഓപ്ഷണൽ അവധിയായി പ്രഖ്യാപിച്ചു. ജനുവരി 16 പൊങ്കൽ ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ വരുന്നതിനാൽ അവധി ദിവസം നീട്ടാൻ തീരുമാനിക്കുകയായിരുന്നു. പൊങ്കൽ അവധിക്ക് ശേഷം ജനുവരി 17ന് സ്കൂളുകൾ തുറക്കുമെന്ന് തെലങ്കാന സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഇ നവീൻ നിക്കോളാസ് അറിയിച്ചു.
പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ കൂടുതൽ ദിവസം അവധി ലഭിച്ചേക്കും. ജനുവരി 14 ബുധനാഴ്ച ബോഗി പൊങ്കലും, ജനുവരി 15 വ്യാഴാഴ്ച തായ് പൊങ്കലുമാണ്. ഈ ദിവസം ഔദ്യോഗിക പൊതു അവധിയാണ്. ജനുവരി 16 വെള്ളിയാഴ്ച തിരുവള്ളുവർ ദിനവും ജനുവരി 17 ശനിയാഴ്ചയും ഔദ്യോഗിക അവധിയാണ്. ജനുവരി 18 ഞായറാഴ്ച ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിച്ചേക്കും.
ജനുവരി 15ന് ( വ്യാഴാഴ്ച ) പൊങ്കൽ അവധിയായിരിക്കുമെന്ന് 2026ലെ പൊതു അവധി ദിനങ്ങളുടെ പട്ടികയിൽ തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ ജനുവരി 16ന് വെള്ളിയാഴ്ച തിരുവള്ളുവർ ദിനവും ജനുവരി 17ന് ശനിയാഴ്ച ഉഴവർ തിരുനാളും ആഘോഷിക്കും. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും പൊങ്കൽ ആഘോഷം ജനുവരി 14 മുതൽ 17 വരെ നീണ്ടു നിൽക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ ദിവസത്തെ അവധി ലഭിക്കും.
അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ തമിഴ്നാട് സർക്കാർ നടത്തിയേക്കും. അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിൽ പൊങ്കൽ പ്രമാണിച്ച് അവധി സാധ്യതയുണ്ട്. തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കഴിഞ്ഞവർഷം അവധി പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും ഈ ജില്ലകൾക്ക് അവധി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെങ്കിലും സർക്കാർ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന ജില്ലകൾക്കാണ് പൊങ്കൽ അവധി നൽകുക.
https://www.facebook.com/Malayalivartha
























