അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു; ചികിത്സയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് കീഴിലെ വിവിധ ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചവറ സ്വദേശിയായ വേണുവാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
സിഎച്ച്‌സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെയും ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. അതീവ ഗുരുതരാവസ്ഥിയിലായിരുന്നിട്ടും വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. തുടര്‍ന്ന് മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അവിടെയും ചികിത്സ ലഭ്യമാക്കാന്‍ വൈകിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ രോഗിയെ ഉള്ളിലേക്ക് മാറ്റാന്‍ പോലും അറ്റന്‍ഡര്‍മാരോ മറ്റ് ജീവനക്കാരോ തയ്യാറായില്ല. ജീവനക്കാര്‍ രോഗികളോട് മാന്യമായി പെരുമാറേണ്ടതിന്റെ ആവശ്യകതയും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍, എല്ലാ രോഗികളും തങ്ങള്‍ക്ക് ഒരുപോലെയാണെന്നും വേണ്ട പരിചരണം നല്‍കിയെന്നുമാണ് നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് പ്രതികരിച്ചത്. മരിച്ച വേണുവിന് ചികിത്സ നല്‍കിയതില്‍ വീഴ്ച വരുത്തിയിട്ടില്ല. പ്രോട്ടോക്കോള്‍ അനുസരിച്ചുളള ചികിത്സ മാത്രമാണ് നല്‍കാറുളളത്. സമയം വൈകിയതുകൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ നല്‍കാന്‍ സാധിച്ചില്ല. മറ്റ് മരുന്നുകള്‍ നല്‍കി. വൈകിട്ട് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സയാണ് വേണുവിന് നല്‍കിയത്. ഹൃദയാഘാതത്തിന് എന്തുചികിത്സ നല്‍കിയാലും പത്ത് മുതല്‍ 20 ശതമാനം വരെ മരണം സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അദ്ദേഹം ചെറുപ്പമായിരുന്നു. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി. രോഗികളോട് അവരുടെ അവസ്ഥയെക്കുറിച്ച് പറയാറുണ്ടെന്നും അന്ന് ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍, ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി വേണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശവും വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha


























