മകരവിളക്ക് ദർശനത്തിനുള്ള പാസുകൾ ദുരുപയോഗം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും തടയുന്നതിനായി ഇത്തവണ ഫോട്ടോ പതിച്ച പാസുകൾ.. ഫ്ലൈ ഓവറിൽ നിന്ന് ദർശനം നടത്താൻ 'സിൽവർ പാസുകളും'..

ശബരിമല മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് സർക്കാർ .
മകരവിളക്ക് ദർശനത്തിനുള്ള പാസുകൾ ദുരുപയോഗം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും തടയുന്നതിനായി ഇത്തവണ ഫോട്ടോ പതിച്ച പാസുകൾ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സോപാനത്തിന് മുന്നിലെ തിരുമുറ്റത്ത് നിന്ന് ദർശനം നടത്താൻ 250 'ഗോൾഡൻ പാസുകളും', ഫ്ലൈ ഓവറിൽ നിന്ന് ദർശനം നടത്താൻ 'സിൽവർ പാസുകളും' അനുവദിക്കും.
ജനുവരി 10 മുതൽ സന്നിധാനത്തെ റൂം ബുക്കിംഗ് പൂർണ്ണമായും ഓൺലൈൻ വഴിയാക്കും. മുറികൾ ബുക്ക് ചെയ്തവർക്കും അവർക്കൊപ്പം എത്തുന്നവർക്കും കൃത്യമായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മാത്രമേ താമസം അനുവദിക്കൂ. മുറികൾ ബുക്ക് ചെയ്ത ശേഷം മറിച്ചുവിൽക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.നേരത്തെ എത്തി ശബരിമല പരിസരത്തെ താൽക്കാലിക ഷെഡുകളിൽ തങ്ങുന്ന തീർത്ഥാടകർ അവിടെ സ്വയം പാചകം ചെയ്യുന്നത് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
തീപിടുത്തം ഒഴിവാക്കുന്നതിനായി ദേവസ്വം ബോർഡ് ഇവർക്ക് ഭക്ഷണ വിതരണം ക്രമീകരിക്കുമെന്നും വ്യക്തമാക്കി. അതേസമയം മകരവിളക്ക് കാണാനായി മരങ്ങളിൽ കയറുന്നത് അപകടകരമായതിനാൽ ഇത് തടയാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരുവാഭരണ ഘോഷയാത്ര സുഗമമായി കടന്നുപോകുന്നതിനായി പാതയോരത്തെ മരച്ചില്ലകൾ വനംവകുപ്പിന്റെ സഹകരണത്തോടെ നീക്കം ചെയ്യും.
ജനുവരി 10-ന് എരുമേലി ചന്ദനക്കുടത്തിനും ജനുവരി 11-ന് നടക്കുന്ന പേട്ടതുള്ളലിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരുടെ സൗകര്യത്തിനായി ഇത്തവണ 100ൽ അധികം കെഎസ്ആർടിസി ബസുകൾ കൂടി സർവീസ് നടത്തും. ഇതോടെ ആകെ ബസുകളുടെ എണ്ണം 800-ൽ നിന്ന് 900 ആയി ഉയരും.
https://www.facebook.com/Malayalivartha


























