വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ..നാലര ലക്ഷം രൂപ...നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ കൂട്ടത്തിലുണ്ടായിരുന്നു...

തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു യാചകൻ . ആ യാചകന്റെ മരണശേഷം കയ്യിലിരുന്ന സഞ്ചി തുറന്നപ്പോൾ കണ്ടതോ ലക്ഷങ്ങൾ .
ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ നിന്ന് ലഭിച്ചത് നാലര ലക്ഷം രൂപ. നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. സഞ്ചികളിൽനിന്നു കിട്ടിയത് 4,52,207 രൂപ. ആലപ്പുഴ ചാരുംമൂടും പരിസര പ്രദേശത്ത് ചുറ്റിത്തിരിഞ്ഞു നടന്ന ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ നിന്നാണ് പണം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ഭിക്ഷാടകന് വാഹനാപകടത്തിൽ പരിക്കേറ്റത്. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യക്കാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോടും പറയാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെ ഇയാളെ പ്രദേശത്തെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയ ശേഷം സമീപമുണ്ടായിരുന്നു ഭാണ്ഡം നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ പരിശോധിച്ചപ്പോൾ ഭാണ്ഡം നിറയെ പണമായിരുന്നു.
എസ്.ഐ. രാജേന്ദ്രൻ, എ.എസ്.ഐ. രാധാകൃഷ്ണനാചാരി, സി.പി.ഒ. മണിലാൽ എന്നിവരും പഞ്ചായത്തംഗവും പൊതുപ്രവർത്തകനായ അരവിന്ദാക്ഷനും ചേർന്നാണ് നോട്ടുകൾ തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തിയത്. പ്ലാസ്റ്റിക്ക് കണ്ടെയ്നറിലാണ് പണം സൂക്ഷിച്ചിരുന്നത്. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ഭിക്ഷാടകൻ ആശുപത്രിയിൽ നൽകിയ മേൽവിലാസം. പണം പൊലീസ് കോടതിക്ക് കൈമാറും.രണ്ടായിരത്തിന്റെ 12 നോട്ടും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്.
ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha


























