പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി

ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സന്നിധാനം ഭക്തിസാന്ദ്രമായി അയ്യപ്പശരണങ്ങള്‍ മുഴങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി. 6.40ഓടെ തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധന സമയത്ത് സന്നിധാനത്തിന് എതിര്‍വശത്ത് പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു.
ഈ സമയം സന്നിധാനത്ത് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍, ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം വൈകിട്ട് 6.30 ഓടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിഞ്ഞു.
മകരവിളക്കിന് മുന്നോടിയായി ഇന്ന് വൈകിട്ട് 2.45ന് നടതുറന്നിരുന്നു. 3.08ന് മകര സംക്രമപൂജ നടന്നു. മുന്‍കൂട്ടി പാസ് നല്‍കിയവര്‍ക്ക് മാത്രമാണ് ഇന്ന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശനം ലഭിച്ചത്. 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 20ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയശേഷം നടയടയ്ക്കും.
https://www.facebook.com/Malayalivartha
























