പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി

2016 ല്‍ പെട്രോള്‍ പമ്പ് ഉടമയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി നാല് വര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര വടക്കുംമുറി പൂമലച്ചാല്‍ വീട്ടില്‍ അനൂപ് കുമാര്‍ (ബോഞ്ചോ 36) നെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
2016 ഫെബ്രുവരി 18നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനിലെ 'രേണു ഓട്ടോ ഫ്യുവല്‍സ്' ഉടമ എം പി മുരളീധരന്‍ നായരെയാണ് പ്രതികള്‍ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ പ്രതികള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ അനൂപ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കവെ 2022 മെയ് 6ന് 14 ദിവസത്തെ പരോളിന് ഇറങ്ങിയ അനൂപ് പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഓസ്ട്രിയയിലേക്ക് കടന്നെന്ന പ്രചാരണം നാട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് പോലീസ് അന്വേഷണത്തെ വഴിതിരിക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച കഥയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ വ്യാജ പേരുകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി, പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ എല്ലാ വിനിമയ ഉപാധികളും ഉപേക്ഷിച്ചു. തുടര്‍ന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിലും പിന്നീട് ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണ കമ്പനിയിലും ജോലി ചെയ്തു വരികയായിരുന്നു.
ബംഗളൂരുവില്‍ ജോലി ചെയ്യുന്നതിനിടെ പന്തളം സ്വദേശിനിയായ നഴ്‌സുമായി അനൂപ് അടുപ്പത്തിലായി. ഈ യുവതിയുടെ നീക്കങ്ങള്‍ പോലീസ് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. അവധിക്ക് നാട്ടിലെത്തിയ യുവതിയെ കാണാന്‍ അനൂപ് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. പന്തളത്തെ ആളൊഴിഞ്ഞ കുടുംബവീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ പോലീസ് വളയുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എംകെബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























